സംസ്ഥാനത്ത് പച്ചക്കറി, പലവ്യഞ്‌ജന വില വർധിച്ചു. ഇന്ധനവില വർധനയാൽ കടത്തുകൂലി കൂടിയതും കനത്ത മഴയിൽ അയൽ സംസ്ഥാനങ്ങളിൽ കൃഷി നശിച്ചതുമാണ് കാരണം. തക്കാളി വില 100 രൂപ കടന്നു. ബീൻസ്, പാവയ്‌ക്ക, കാരറ്റ്, പയർ, വെള്ളരി എന്നിവയ്‌ക്കും വില വർധനയുണ്ട്. തക്കാളിക്ക് 70 രൂപ മുതൽ 110 രൂപ വരെയാണ് വില.
പലവ്യഞ്‌ജനങ്ങൾക്കും വില വർധിച്ചു. 38 രൂപ വരെയായിരുന്ന മട്ട അരിക്ക് 48 ആയി. വിവിധ അരി ഇനങ്ങൾക്ക് അഞ്ച് രൂപ മുതൽ 10വരെ വർധനയുണ്ട്. ആന്ധ്രയിൽ കൃഷി നശിച്ചതും അരി വരവ് കുറഞ്ഞതും കടത്തുകൂലിലെ വർധനയുമാണ് അരിവില കൂടിയതിന് പിന്നിലെന്ന് വ്യാപാരികൾ പറയുന്നു. പയർ വർഗങ്ങൾക്കും വില വർധനയുണ്ട്.
കേരളത്തിനുള്ള ഗോതമ്പിന്റെ അധികവിഹിതം കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെ റേഷൻകട വഴിയുള്ള മുൻഗണനേതര കാർഡുകാർക്കുള്ള വിതരണം നിലച്ചു. ഇത് വിലക്കയറ്റത്തിന് കാരണമായി. റേഷൻകട വഴി 17 രൂപയ്ക്ക് ആട്ട നൽകിയിരുന്നതും ജനങ്ങൾക്ക് ആശ്വാസമായിരുന്നു. വിഹിതം റദ്ദാക്കിയതോടെ മുൻഗണനേതര കാർഡുകാർക്കുള്ള ആട്ട വിതരണവും നിലയ്‌ക്കും.