പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം രണ്ട് പോലീസുകാര്‍ മരിച്ചത് ഷോക്കേറ്റാണെന്ന് സംശയം. മരിച്ചവരുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നും ഷോക്കേറ്റുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മരിച്ച രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രാത്രി ഇവര്‍ മീന്‍ പിടിക്കാന്‍ പോയതാണെന്നാണ് സംശയം. ഇതെല്ലാം പ്രാഥമികമായ കണ്ടെത്തലുകളാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാറുമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിമുതല്‍ ഇവരെ കാണാനില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. രാത്രി ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് രാവിലെയാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
200 മീറ്ററോളം അകലത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വയലില്‍ കിടന്നിരുന്നത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. അതേസമയം, സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. ഇതാണ് എങ്ങനെയാണ് ഷോക്കേറ്റതെന്ന ചോദ്യമുയര്‍ത്തുന്നത്. അതിനാല്‍ മരിച്ചതിന് ശേഷം മൃതദേഹങ്ങള്‍ വയലില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
എ.ആര്‍. ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റും കായികതാരവുമായ സിനിമോളുടെ ഭര്‍ത്താവാണ് മരിച്ച അശോകന്‍. സംഭവസ്ഥലത്ത് ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.