കണ്ണൂർ: അപ്രതീക്ഷിത മഴയെത്തുടർന്ന് വിളനാശം നേരിട്ട കർഷകർക്ക് അനുയോജ്യമായ നഷ്ടപരിഹാരം അനവദിക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ച് ഉത്തരവിറക്കണമെന്നും കേരള കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെൽകൃഷിക്കും പച്ചക്കറികൾക്കും കനത്ത വിളനാശമാണ് ഉണ്ടായിരിക്കുന്നത്. ഇത് കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സി.എ.അജീർ, പി.സുനിൽകുമാർ, കെ.കൃഷ്ണൻ, കാഞ്ചന മാച്ചേരി, എൻ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. നാളികേരത്തിനും റബറിനും ന്യായമായ തറവില നിശ്ചയിക്കുക, റബർബോർഡ് സബ്സിഡി ഫലപ്രദമായി നടപ്പിലാക്കുക, 60 വയസ് കഴിഞ്ഞ ചെറുകിട നാമമാത്ര കർഷകർക്ക് 2500 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക, വന്യമൃഗശല്യം തടയാൻ ഫലപ്രദ നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.സി.എ.ജോൺ -സെക്രട്ടറി, എ.പി.കെ. രാഘവൻ -പ്രസിഡന്റ്, കെ.കൃഷ്ണൻ, കെ. ഉമേഷ് -ജോ: സെക്രട്ടറിമാർ, എൻ.കുഞ്ഞിക്കണ്ണൻ, കെ.രവീന്ദ്രൻ -വൈസ് പ്രസിഡന്റുമാർ എന്നിവർ ഭാരവാഹികളായി 22 അംഗ ജില്ലാ കമ്മറ്റിയേയും 15 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.