രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയരുന്നു. അതേസ മയം കാർഷികോത്പനങ്ങളുടെ വില കൂപ്പുകുത്തുന്നു. ഇതോടെ കർഷകർ ഏറെ പ്രതിസന്ധിയിൽ. നാണ്യവിളകൾക്കും പച്ചക്കറികൾക്കും ഉത്പാദനത്തിനായി ഉപയോഗിക്കുന്ന വളങ്ങളുടെയും കീടനാശിനികളുടെയും വിലയിലാണ് വൻതോതിലുള്ള വർധനവ്. നിലവിൽ കർഷകർ ഏറ്റവുമധികം ആശ്രയിക്കുന്നത് ഫോളിയാർ വളങ്ങളെയാണ്. ഇവയുടെ വിലയിൽ ഇരട്ടിയിലധികം വർധനയാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. 19:19: 19 എന്ന ഫോളിയാർ വളം 25 കിലോഗ്രാമിന് കഴിഞ്ഞ വർഷം 2500 രൂപയായിരുന്നത് ഈ വർഷം 6200 രൂപവരെയായാണ് വർധിച്ചത്.
2750 രൂപയുണ്ടായിരുന്ന മൾട്ടി കെയുടെ വില 4500 രൂപ വരെയായി. എംഎപിയുടെ വില കഴിഞ്ഞ വർഷം 2800 രൂപയായിരുന്നത് 5400 ആയാണ് ഉയർന്നിട്ടുള്ളത്. മൊത്തവ്യാപാരികളിൽ നിന്നും ചെറുകിട കച്ചവടക്കാരിലേക്ക് ഈ ഉത്പന്നങ്ങൾ എത്തുന്പോൾ വീണ്ടും വിലയിൽ വർധനയുണ്ടാകുന്നു.
പൊട്ടാഷിന്റെ വിലയിലും വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. 50 കിലോഗ്രാമിന് കഴിഞ്ഞ വർഷം 1000 രൂപയായിരുന്നത് ഈ സീണണായപ്പോൾ 1700 രൂപയായാണ് കുതിച്ചുയർന്നിട്ടുള്ളത്. ഡിഎപിയുടെ വിപണി വില 1350 രൂപ. എന്നാൽ ഈ വളം വിപണിയിൽ പലപ്പോഴും ലഭിക്കാത്ത സാഹചര്യവുമാണ്. ഫാക്ടംഫോസിന്റെ വില 1500 വരെയെത്തി നില്ക്കുകയാണ്. കീടനാശിനികളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം മുതൽ 50 ശതമാനം വരെ ഉയർന്നു.
രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വൻതോതിൽ ഉയരുന്പോഴും നാണ്യവിളകൾ ഉൾപ്പെടെ കർഷകരുടെ ഉത്പന്നങ്ങളുടെ വില താഴുന്ന അവസ്ഥയാണ്.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഏലത്തിന്റെ വിലയിടിവ്. 2020 ജനുവരി 11ന് നടന്ന ലേലത്തിൽ ഏറ്റവും ഉയർന്ന വില 5057 രൂപയായിരുന്നു ഒരു കിലോഗ്രാം ഏലക്കായ്ക്ക്. ശരാശരി വില 3827 രൂപയായിരുന്നു അന്ന്. അതേസമയം രണ്ടു വർഷം കഴിഞ്ഞ് ഇന്നലെ നടന്ന ഏലം ലേലത്തിൽ ശരാശരി വില ഒരുകിലോഗ്രാമിന് 772 രൂപ മാത്രം. പരമാവധി വില 1256 ഉം. 2020-ൽ ഏലക്കായ്ക്ക് വില ഉയർന്നതോടെ അനുബന്ധ പ്രവൃത്തികൾക്കുള്ള ചെലവും വൻതോതിൽ വർധിച്ചിരുന്നു.
ഏലക്കായ് വില കൂപ്പുകുത്തിയപ്പോഴും കൃഷിച്ചെലവ് വർധിച്ചിട്ടേയുള്ളൂ. ഇതേ സാഹചര്യമാണ് മറ്റു പല നാണ്യവിളകളുടെയും കാര്യത്തിലുമുള്ളത്.