തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മഴ ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ കേരളത്തില്‍ അഞ്ചുദിവസം മുന്‍പെ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ മുഴുവനായും കിഴക്ക്- മധ്യ ബംഗാള്‍ ഉള്‍ക്കടലിലും എത്തും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ലക്ഷദ്വീപിലും തമിഴ്നാടിന്റെ വടക്കന്‍ തീരങ്ങളിലും കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളിലും അടുത്ത അഞ്ചുദിവസം മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്നാടിന്റെ വടക്കന്‍ തീരങ്ങളിലും ലക്ഷദ്വീപിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27ന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.