സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ലോകമാതൃകയായ കുടുംബശ്രീയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (മെയ് 17) തുടക്കമാകും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ‘നവകേരള സൃഷ്ടിയും കുടുംബശ്രീയും’, ലിംഗപദവി തുല്യതയും മുൻഗണനാ സമീപനങ്ങളും’, ‘പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്’ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. എം.പി മാർ, എം.എൽ.എമാർ, സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാർ, സാമൂഹ്യ-രാഷ്ട്രീയ-അക്കാദമിക് രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.