തെങ്ങിനെ ബാധിക്കുന്ന കൂമ്പ് ചീയല്‍ തടയാന്‍ ഫലപ്രദമായ ട്രൈക്കോ ഡെര്‍മ്മ കെയ്ക്കുകള്‍ തളിപ്പറമ്പ് പന്നിയൂര്‍ ഉള്ള കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തയ്യാറായി. കാസര്‍ക്കോട് സിപിസിആര്‍ഐ ആണ് ട്രൈക്കോഡെര്‍മ്മ കെയ്ക്കുകള്‍ വികസിപ്പിച്ചത്.
ഇളം തെങ്ങുകളിലും ഹൈബ്രിഡ് ഇനങ്ങളിലും സാധാരണയായി കണ്ടുവരുന്ന കുമിള്‍ രോഗമാണ് കൂമ്പ് ചീയല്‍. ഫൈറ്റോഫ് തോറപാമിവോറ എന്ന കുമിള്‍ ആണ് രോഗത്തിന് കാരണമെന്ന് പഠനത്തില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. തിരിയോലകള്‍ ചീഞ്ഞ് തെങ്ങ് പൂര്‍ണമായി നശിച്ചു പോകുന്നതിന് കൂമ്പ് ചീയല്‍ കാരണമാകാറുണ്ട്. മഴക്കാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
ട്രൈക്കോഡെര്‍മ്മ ഹര്‍സിയാനം എന്ന മിത്ര കുമിളിനെ ചകരിച്ചോറില്‍ വളര്‍ത്തി ഉണക്കിയെടുത്താണ് ട്രൈക്കോഡെര്‍മ്മ കെയ്ക്ക് നിര്‍മ്മിക്കുന്നത്. ഇത് മഴയ്ക്ക് മുമ്പ് തെങ്ങിന്‍റെ കൂമ്ബിന് തൊട്ടടുത്ത രണ്ട് ഓല കമ്പിളുകളില്‍ നിക്ഷേപിച്ചാല്‍ മഴക്കാലമാകുന്നതോടെ മിത്ര കുമിള്‍ വളര്‍ന്ന് കൂമ്പ് ചീയലിന് കാരണമാകുന്ന കുമിളിനെ ഫലപ്രദമായി പ്രതിരോധിക്കും.