കാട്ടിലെ മൃഗങ്ങൾക്ക് ആഹാരമാകുവാൻ പന്നികളെ നശിപ്പിക്കാൻ പാടില്ലെന്ന കേന്ദ്ര നിലപാട് നിരാശാജനകമാണെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകർ ഇന്നു വളരെയേറെ ദുരിതത്തിലാണെന്നു മന്തി പറഞ്ഞു. കർഷകർക്ക് ദ്രോഹം ചെയ്യുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനുള്ള ഉത്തരവിടാൻ നിലവിൽ വനം വകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കു മാത്രമാണ് അധികാരമുള്ളത്. ഇതു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുംകൂടി നൽകുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്.
18 ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്ര വനം നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ കേരളം ഈ നിർദേശം മുന്നാട്ടു വയ്ക്കും. ജനവാസകേന്ദ്രങ്ങളിലും കാർഷിക മേഖലയിലും ദ്രോഹംചെയ്യുന്ന ക്ഷുദ്രജീവികളിൽനിന്നു രക്ഷനേടുന്നതിന് കർഷകർക്ക് അനുകൂലമായ നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിക്കുക-മന്ത്രി പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്നു മന്ത്രി ബിഷപുമായുള്ള ചർച്ചയിൽ പറഞ്ഞു.
വനമേഖലയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമേ ഗവൺമെന്റ് എടുക്കുകയുള്ളൂ. ബഫർ സോൺ പ്രഖ്യാപനത്തിൽ ഇനിയും കൂടുതൽ കൃത്യത വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും പ്രശ്നമാകാത്ത രീതിയിൽ പ്രശ്നം പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. തുഷാരഗിരിയിൽ വനംവകുപ്പ് ഏറ്റെടുത്ത കൃഷിഭൂമി വിട്ടുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. താമരശേരി രൂപതാ ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ടും ചർച്ചയിൽ പങ്കെടുത്തു.