കൊട്ടിയൂർ – പാൽച്ചുരം – ബോയ്സ് ടൗൺ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി ക്യാഡറ്റുകൾ നീക്കം ചെയ്തു. ഏകദേശം 50 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ക്യാഡറ്റുകൾ നീക്കം ചെയ്തത്.മഴക്കാല പൂർവ ശുചീകരണത്തിൻ്റേയും,കൊട്ടിയൂർ ഉത്സവത്തിന് മുന്നോടിയായും സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിലാണ് ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയരികിൽ കണ്ടെത്തിയത്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ആഴ്ച മുമ്പ് നടത്തിയ ശുചീകരണത്തിലും ഇതേ അളവിൽ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. വഴിയാത്രക്കാരായ ആളുകൾ സ്ഥിരം പ്ലാസ്റ്റിക് കുപ്പികൾ റോഡിൻ്റെ ഇരുവശത്തേക്കും വലിച്ചെറിയുന്നതാണ് ഇത്രയധികം മാലിന്യങ്ങൾ നിറയാൻ കാരണം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, വാർഡ് മെമ്പർ ഷാജി പൊട്ടയിൽ, കമ്യൂണിറ്റി പോലീസ് ഓഫീസർ സുനീഷ് പി.ജോസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിപിൻദാസ്, എസ്.പി.സി രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.