കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമാണം പൂർത്തിയായി. നെയ്യാട്ടം 15ന് നടക്കും.
മഠങ്ങളിൽ കയറിയ വ്രതക്കാർ നെയ്‌ക്കുടങ്ങളുമായി 15ന് പുലർച്ചെ കാൽനടയായി ക്ഷേത്രത്തിലെത്തും. 16നാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഇളനീർവയ്‌പ്പും തിരുവോണം ആരാധനയും 21ന് നടക്കും. ഇതിനുമുമ്പ് ഇളനീർ കാവുകാർ ക്ഷേത്രത്തിലേക്ക് നടന്നെത്തും.
22നാണ് ഏറെ തിരക്കുണ്ടാവുന്ന ഇളനീരാട്ടവും അഷ്ടമിയാരാധനയും. 26ന് രേവതി ആരാധനയും 31ന് രോഹിണി ആരാധനയും. തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിനാണ്. മൂന്ന്, അഞ്ച് തീയതികളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ. ആറിന് മകം കലം വരവ്. ഒമ്പതിന് അത്തം ചതുശ്ശതവും വാളാട്ടവും കലശ പൂജയും. ജൂൺ പത്തിന് തൃക്കലശാേട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും. 16ന് അർധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമുമ്പും ജൂൺ ആറിന് മകംനാൾ ഉച്ചശീവേലിക്കുശേഷവും അക്കരെ കൊട്ടിയൂരിൽ സ്‌ത്രീകൾക്ക് പ്രവേശനമുണ്ടാകില്ല. 16ന് ഭണ്ഡാരം എത്തിയശേഷമുള്ള സമയംമുതൽ ജൂൺ അഞ്ചുവരെയാണ് സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനാനുമതി.