നെയ്യാറ്റിൻകര (തിരുവനന്തപുരം) :ഏഴാം ക്ലാസുകാരിയായ മകളെ ഗർഭിണിയാക്കിയ പിതാവിന് 106 വർഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാർ ആണ് ശിക്ഷിച്ചത്. 2017ൽ ആയിരുന്നു സംഭവം . ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പൊലീസിൽ അറിയിക്കാൻ ഡോക്ടർ നിർദേശം നൽകിയെങ്കിലും ഇത് അവഗണിച്ച പ്രതി ഗർഭഛിദ്രം ചെയ്യാൻ സഹോദരിയുടെ സഹായം തേടി. സഹോദരിയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തി. കുട്ടി പ്രസവിച്ചതിനെ തുടർന്ന് ഡിഎൻഎ പരിശോധനയിലും പിതൃത്വം ശാസ്ത്രീയമായി തെളിഞ്ഞു.
20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും 3 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത് തങ്കയ്യ, ഗോപിക ഗോപാൽ എന്നിവർ ഹാജരായി. കാട്ടാക്കടയിലെ അന്നത്തെ എസ്.ഐ: ഡി. ബിജുകുമാർ, സി.ഐ ആർ.എസ്. അനുരൂപ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.