കൊട്ടിയൂർ: പ്രകൃതിയുടെ നിശബ്ദതയിൽ ലയിച്ചുകിടന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രം ഇനി ഒരു മാസക്കാലം ഭക്തിയുടെ നിറവിലേക്ക്. അക്കരെ കൊട്ടിയൂരിലെ ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ച് നീരെഴുന്നള്ളത്ത് നടത്തി. ഇന്നലെ ഉച്ചയോടെയാണ് നീരെഴുന്നള്ളത്ത് നടത്തിയത്.ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരി, സമുദായി കാലടി ഇല്ലം കൃഷ്ണമുരളി എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം ബാവലി തീരത്തെ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരി കൂവപ്പാടത്ത് എത്തി. കൂവയില പറിച്ചെടുത്തു വന്ന സംഘത്തെ കാത്ത് ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി എന്നിവർ ബാവലിക്കരയിൽ കാത്തുനിന്നു. തുടർന്ന് ബാവലിയിൽ മുങ്ങിക്കുളിച്ച സംഘം പടിഞ്ഞീറ്റ നമ്പൂതിരി, സമുദായി എന്നിവരുടെ നേതൃത്വത്തിൽ ബാവലിയിൽനിന്നു കൂവയിലയിൽ ജലം ശേഖരിച്ച് കാട്ടുവഴികളിലൂടെ അക്കര കൊട്ടിയൂരിലെത്തി അഭിഷേകം ചെയ്തു.
തിടപ്പള്ളി അടുപ്പിൽനിന്ന് ശരീരത്തിൽ ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെ കടന്നു. അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രവേശിച്ച് ഗൂഢപൂജകളും നടത്തി.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ചടങ്ങ് മാത്രമായാണ് ഉത്സവം സംഘടിപ്പിച്ചിരുന്നത്.
അതിനാൽത്തന്നെ ഇക്കുറി ഉത്സവത്തിന് ഭക്തരുടെ പ്രവാഹമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.