26.6 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല- പഠനം.*
Thiruvanandapuram

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല- പഠനം.*

l
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലേക്ക് തിരികെ എത്തിയ ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്ന് പഠനം. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായി. എന്നാല്‍ ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് ഇപ്പോഴും കേരളത്തില്‍ തിരികെ പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലുള്ളതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ പറയുന്നു. മുന്‍ ധനകാര്യകമ്മീഷന്‍ അധ്യക്ഷന്‍ ബി.എ പ്രകാശാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2021 ജൂലൈ മുതല്‍ നവംബര്‍ വരെയാണ് പഠനം നടന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി 404 പേരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. ഇവരില്‍ 54 ശതമാനത്തോളം ഗള്‍ഫ് പ്രവാസികളാണ് ഇപ്പോഴും തങ്ങളുടെ പഴയ ജോലിയില്‍ പ്രവേശിക്കാനാകാത്ത സാഹചര്യത്തിലുള്ളത്.

പത്തോ അതിലധികമോ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ അധ്വാനിച്ച് സംസ്ഥാനത്തിന് വലിയതോതില്‍ വിദേശനാണ്യം നേടിത്തന്ന പ്രവാസികളാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാനിയന്ത്രണങ്ങള്‍, വാക്സിനേഷന്‍ നയങ്ങള്‍, മുമ്പ് ജോലിചെയ്തിരുന്ന സ്ഥാനത്ത് കോവിഡ് സമയത്ത് മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കല്‍ എന്നിവയാണ് പ്രവാസികളുടെ തിരികെ പോക്കിന് തടസമുണ്ടാക്കിയത്. ഇതിന് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതും പ്രതിസന്ധിയുണ്ടാക്കിയെന്ന് പഠനം പറയുന്നു.

മടങ്ങാനാവാത്തവർക്ക് പ്രതിസന്ധി

കോവിഡ് വ്യാപനം മൂലം കടകള്‍, റെസ്റ്റോറന്റുകള്‍, സേവന യൂണിറ്റുകള്‍, വ്യാവസായിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടച്ചുപൂട്ടിയതും പകര്‍ച്ചവ്യാധി മൂലമുള്ള തടസ്സങ്ങളുമാണ് തിരിച്ചുവരവിന്റെ പ്രധാന കാരണങ്ങള്‍. തിരിച്ചു വന്നവരില്‍ 32 ശതമാനവും അവര്‍ ജോലിചെയ്തിരുന്ന യൂണിറ്റുകളോ ബിസിനസ്സോ അടച്ചുപൂട്ടിയതിനാല്‍ കേരളത്തിലേക്ക് മടങ്ങി. ശമ്പളം വെട്ടിക്കുറച്ചതിനാലും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതിനാലും കുറച്ച് പേര്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയവരില്‍ 54 ശതമാനം പേര്‍ അവധിയെടുത്തോ അല്ലെങ്കില്‍ തൊഴിലുടമയുടെ അനുമതിയോടെയോ നാട്ടിലേക്ക് മടങ്ങിയവരാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല.

ഇതോടെ നാട്ടില്‍ നിന്ന് തിരികെ ഗള്‍ഫിലേക്ക് പോകാന്‍ കഴിയാതിരുന്നവര്‍ പ്രതിസന്ധിയിലായി. മാസം തോറും നാട്ടിലേക്ക് 20,000 രൂപ വരെ അയച്ചിരുന്ന പലരും ഇപ്പോള്‍ അതിനനുസരിച്ച് നാട്ടിലൊരു തൊഴില്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. വര്‍ഷം ശരാശരി 1.47 ലക്ഷം മുതല്‍ 2.32 ലക്ഷം രൂപവരെ ഇത്തരം പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് അയച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇവര്‍ മടങ്ങിയെത്തിയതോടെ ആ വരുമാന മാര്‍ഗം അടഞ്ഞത് നിരവധി കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പ്രവാസി തൊഴിലാളികള്‍ മടങ്ങിവന്നതുകൊണ്ട് വിദേശ പണലഭ്യത നിലച്ചു. ഇതുമൂലം ഈ പണത്തെ പ്രധാനമായും ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു.

തിരികെവന്ന് ഗള്‍ഫിലേക്ക്വന്നവരില്‍ 71 ശതമാനം ആളുകള്‍ ഇപ്പോഴും തൊഴില്‍ രഹിതരാണ്. ഇതുമൂലം പ്രാദേശികാടിസ്ഥാനത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടി. ഇതേ തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ മടങ്ങിയെത്തിയ 75 ശതമാനത്തോളം ആളുകളും തൊഴില്‍ രഹിതരാണ്. ചുരുക്കം ചിലര്‍ക്ക് ചെറുകിട ജോലികളോ കരാര്‍ തൊഴിലുകളോ ലഭിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് മാസത്തില്‍ വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം തൊഴില്‍ കിട്ടുന്നവരാണ്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി, ഓട്ടോ റിക്ഷ ഓടിച്ച് ജിവിക്കുന്നവരുമുണ്ട്.

കടക്കെണിയില്‍ പ്രവാസികള്‍

തിരികെ വന്ന പ്രവാസികളില്‍ 21 ശതമാനം പേര്‍ക്കുള്ളത് ബിപിഎല്‍ വിഭാഗത്തില്‍ പെട്ട കാര്‍ഡുകളായിരുന്നുവെങ്കില്‍ മറ്റ് ചിലര്‍ ജോലിനഷ്ടപ്പെട്ട് വന്നതിന് ശേഷം ബിപിഎല്‍ വിഭാഗത്തിലേക്ക് മാറിയ സാഹചര്യവുമുണ്ടായിട്ടുണ്ട്. തിരികെ ഇവര്‍ക്ക് ജോലിക്ക് കയറാന്‍ സാധിക്കാതെ വന്നാല്‍ ഇവരുടെ സ്ഥിതി കൂടുതല്‍ കഷ്ടത്തിലാകും. മാത്രമല്ല ഇങ്ങനെ തിരികെ വന്നവര്‍ നല്ലൊരു ശതമാനം ആളുകളും കടക്കെണിയിലുമാണ്. ഏതാണ്ട് 98 ശതമാനത്തോളം തിരികെ വന്ന പ്രവാസി തൊഴിലാളികളും വിവിധ രീതിയില്‍ പണം കടം വാങ്ങിയവരാണ്വീട് നിര്‍മാണം, വാഹനം വാങ്ങല്‍, ഭൂമി, ആരോഗ്യ- ചികിത്സകള്‍ക്ക് വേണ്ടി, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കാണ് മിക്കവര്‍ക്കും കടമുള്ളത്. ഇത് കുറഞ്ഞത് രണ്ട് ലക്ഷം മുതല്‍ 14 ലക്ഷം വരെ വരുമെന്നാണ് കണക്കുകൂട്ടുന്നത്. മുഖ്യവരുമാനമായിരുന്ന പ്രവാസത്തിലൂടെ ലഭിച്ചിരുന്ന ധനാഗമന മാര്‍ഗം അടഞ്ഞതോടെ ഇത്തരം കുടുംബങ്ങള്‍ക്ക് കടം തിരികെ വീട്ടാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

കേരളത്തില്‍ സ്ഥിരവും ലാഭകരവുമായ തൊഴില്‍ അവസരങ്ങള്‍ കുറവാണെന്നതാണ് പ്രവാസികളായിരുന്ന പലരെയും അലട്ടുന്നത്. ഗള്‍ഫില്‍ സ്ഥിര ജോലിയും മാസവരുമാനവുമുണ്ടായിരുന്നവര്‍ക്ക് കേരളത്തിലെ പുതിയ തൊഴില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് തിരികെ പോകുന്നതാണെന്നാണ് 88 ശതമാനം ആളുകളും കരുതുന്നത്. തിരികെ പോകാന്‍ സാധിച്ചാല്‍ കോവിഡിന് മുമ്പത്തെപ്പോലെ സ്ഥിരമായ ജോലി, വരുമാനം, മാസം കൃത്യമായി വീട്ടിലേക്ക് പണമയക്കുക എന്നിവയൊക്കെ സാധിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.ഗള്‍ഫ് പണത്തിന്‍റെ ഒഴുക്കില്‍ വലിയ കുറവ്

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ 53.5 ശതമാനം ആളുകളും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളതെന്നാണ് കണക്ക്. ലോകമെമ്പാടും 178.69 ലക്ഷം ഇന്ത്യക്കാര്‍ പ്രവാസത്തിലാണ്. ഇതില്‍ 95.68 ലക്ഷം പ്രവാസികളും ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലായാണ്. കോവിഡിനെ തുടര്‍ന്ന് വന്ദേഭാരത് മിഷനിലൂടെ 40.24 ലക്ഷം ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തിയത്. ഇതില്‍ നോര്‍ക്കയുടെ 2021 ജൂണിലെ കണക്കുകള്‍ പ്രകാരം 14.15 ലക്ഷം മലയാളികളാണ്. ആകെ 14.71 ലക്ഷം പ്രവാസി മലയാളികളാണ് പിന്നീട് പലസമയങ്ങളിലായി കേരളത്തിലേക്ക് വന്നത്.

2017ലെ കണക്കുകള്‍ പ്രകാരം 1,02,110 കോടിരൂപയാണ് പ്രവാസികള്‍ വഴി കേരളത്തിലേക്ക് എത്തിയത്. മൂന്ന് ലക്ഷത്തിന് മുകളില്‍ പ്രവാസികള്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതും പുതിയ ആളുകള്‍ക്ക് അവിടേക്ക് തൊഴില്‍ നൈപുണ്യ നയങ്ങളിലെ മാറ്റങ്ങള്‍ മൂലവും പോകാനാകാത്തതും കേരളത്തിലേക്ക് ഒഴുകിയിരുന്ന പണത്തിന്റെ അളവില്‍ കുറവുണ്ടാക്കും.

ഇത് പരിഹരിക്കാന്‍ തിരികെ പോകാന്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വായ്പ അനുവദിക്കണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത്. ഇത്തരം വായ്പകള്‍ക്ക് ഒരുവര്‍ഷം പലിശ സബ്സിഡി നിരക്കില്‍ ആയിരിക്കണമെന്നും പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമെ നാട്ടില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനായി വായപാ സഹായം അനുവദിക്കുക, നോര്‍ക്ക ഏര്‍പ്പെടുത്തിയിരുന്ന വായ്പാ പദ്ധതി തുടരുക, ഇത്തരം കുടുംബങ്ങളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ഒരുക്കുക, തിരികെ നീണ്ട നാളത്തെ പ്രവാസത്തിന് ശേഷം ഗുരുതര രോഗികളായി തിരികെ എത്തുന്നവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, തിരികെ എത്തി സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് വ്യവസായ പാര്‍ക്കുകളില്‍ സൗകര്യമൊരുക്കുക തുടങ്ങിയവയാണ് പഠനത്തില്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നത്.

Related posts

പ്രദർശനം 15 സ്‌ക്രീനിൽ ഓപ്പൺ ഫോറം ഉൾപ്പെടെ ഉണ്ടാകും വരുന്നൂ വീണ്ടും 
ചലച്ചിത്ര വസന്തം ; ഐഎഫ്‌എഫ്‌കെ പൂർണതോതിൽ.

Aswathi Kottiyoor

കുട്ടികളുടെ സങ്കടം കേള്‍ക്കാന്‍ പോലീസിന്റെ ‘ചിരി ഹെല്‍പ്പ് ലൈന്‍’; ഇതുവരെ വിളിച്ചത് 31,084 പേര്‍.

Aswathi Kottiyoor

ഡീസൽ പ്രതിസന്ധി; കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും.

Aswathi Kottiyoor
WordPress Image Lightbox