വന്യജീവി സങ്കേതങ്ങൾക്കു സമീപത്ത് നിശ്ചിത പ്രദേശം പരിസ്ഥിതി ദുർബല മേഖലയാക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് റിപ്പോർട്ടിൽ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ സമീപത്തുള്ള ജനവാസമേഖലകൾകൂടി ഉൾപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഈ മാസം കേന്ദ്രത്തിന് പുതിയ റിപ്പോർട്ട് സമർപ്പിക്കും.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യവും സംസ്ഥാനം കേന്ദ്രത്തിനു മുന്നിൽ വയ്ക്കും.
നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി ദുർബല മേഖലയുടെ കരട് വിജ്ഞാപനം കഴിഞ്ഞ മാർച്ച് 25 നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിൽ അന്പൂരി പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള 10 വാർഡുകളും കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ 18 വാർഡുകളും ഉൾപ്പെട്ടിരുന്നു.
100 വർഷത്തിലേറെയായി ജനങ്ങൾ താമസിക്കുന്ന പട്ടയഭൂമി ഉൾപ്പെടെയുള്ളവ പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തിൽ ഇടം പിടിച്ചു. ഇതിനെതിരേ അതിരൂക്ഷമായ ജനകീയ പ്രക്ഷോഭം അന്പൂരിയിൽ ഉൾപ്പെടെ ആരംഭിച്ചിരുന്നു.
നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിൻമേൽ പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ നല്കാൻ 60 ദിവസമാണ് സമയപരിധി. പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം സംബന്ധിച്ച് ജനങ്ങൾക്ക് കടുത്ത ആക്ഷേപവും ആശങ്കയും ഉണ്ടെന്നും ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും സംസ്ഥാന വനംവകുപ്പും സമ്മതിക്കുന്നുണ്ട്.
കരട് വിജ്ഞാപനത്തിൻമേൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുശേഷം മാത്രമേ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ കേന്ദ്രത്തിനു പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന വനം മന്ത്രാലയത്തിന്റെ തീരുമാനം.