24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും
Kerala

ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും

ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും
ക്ഷീരകർഷകർക്ക് പാൽ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക അധികമായി നൽകാൻ തീരുമാനം. എല്ലാ മാസവും പത്തിനകം തുക കർഷകന് ലഭിക്കും. ജൂൺ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. സർക്കാരിന്റെ വിവിധ ഏജൻസികളായ മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ, മേഖലാ ക്ഷീരോത്പാദക യൂണിയനുകൾ, തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ വിവിധ പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള ഫണ്ട് ഏകോപിപ്പിച്ചാണ് തുക നൽകുക. പാൽവില വർദ്ധിപ്പിക്കണമെന്നത് ഉൾപ്പടെയുള്ള ക്ഷീരകർഷകരുടെ വിവിധ ആവശ്യങ്ങൾ പരിശോധിക്കാൻ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന മിൽമ ഫെഡറേഷന്റെയും, മേഖല ക്ഷീരോത്പ്പാദക യൂണിയന്റെയും ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം. കർഷകർക്ക് എല്ലാമാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ അധിക വിലയായി നിശ്ചിത തുക മുടക്കമില്ലാതെ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ക്ഷീരവികസനവകുപ്പിന്റെയും മിൽമ മേഖലാ യൂണിയനുകളുടെയും ഒരു ഏകോപിത സംവിധാനമാണ് ഇത് നടപ്പാക്കുക.
മിൽമയുടെ മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തി കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി എല്ലാ മേഖലകളിലും വ്യാപിപ്പിച്ച് അതിലൂടെ ലഭിക്കുന്ന ലാഭവിഹിതവും കർഷകർക്ക് നൽകാൻ നടപടി സ്വീകരിക്കും. എല്ലാ ക്ഷീരകർഷകരെയും കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാലുശതമാനം പലിശയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുവാൻ ബാങ്ക് തല യോഗം വിളിക്കും. ഇതിനായി മേഖലാ ക്ഷീരോത്പാദക യൂണിയന്റെ നേതൃത്വത്തിൽ സംഘത്തിൽ പാൽ അളക്കുന്ന കർഷകരുടെ വിവരങ്ങളും പരമ്പരാഗത സംഘങ്ങളിലെ കർഷകരുടെ വിവരങ്ങളും ശേഖരിക്കും.
കർഷകരുടെ ഉത്പാദന ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷീര വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകാതിരിക്കുവാൻ അനുയോജ്യമായ പരിഹാരമാർഗങ്ങൾ യോഗം ചർച്ച ചെയ്തു. കാലിത്തീറ്റച്ചെലവ് കുറയ്ക്കുന്നതിന്റെ ആവശ്യകത യോഗം വിലയിരുത്തി. 2023 ഏപ്രിൽ വരെ സർക്കാർ ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കാതിരിക്കുവാനുള്ള നടപടികൾ എടുക്കാനും ക്ഷീരകർഷകർകക്ക് ഇതുസംബന്ധിച്ച് ഉറപ്പ് നൽകുവാനും തീരുമാനിച്ചു.
യോഗത്തിൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ഭാസുരാംഗൻ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, ക്ഷീരവികസനവകുപ്പ് എം ഡി സുയോഗ് പാട്ടീൽ, ക്ഷീരവികസന ഡയറക്ടർ വി പി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Related posts

ജർമനിയിൽ നഴ്‌സിംഗ് മേഖലയിൽ അവസരത്തിനായി പ്രത്യേക പദ്ധതി

Aswathi Kottiyoor

നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

Aswathi Kottiyoor

എൻജിനിയറിങ്‌ പഠന നിലവാരം ഉയർത്താൻ 14.64 കോടി ; വിവിധ പഠനവകുപ്പുകൾക്ക്‌ തുടക്കമിടാൻ 1.25 കോടി

Aswathi Kottiyoor
WordPress Image Lightbox