തൊഴിൽരഹിതരെ തേടി സംസ്ഥാന സർക്കാർ വീടുകളിലേക്ക്. കെ ഡിസ്‌കിനു കീഴിലെ കേരള നോളജ് ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണപരിപാടിക്കും വിവരശേഖരണത്തിനും ഞായറാഴ്‌ച തുടക്കമാകും. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് സംസ്ഥാന ചരിത്രത്തിന്റെ ഭാഗമാകുന്ന തൊഴിൽരഹിത സർവേ. എറണാകുളം ഒഴികെയുള്ള ജില്ലകളിൽ ഏഴുലക്ഷത്തിലേറെ സന്നദ്ധപ്രവർത്തകർ എട്ടുദിവസത്തിൽ പ്രചാരണവും വിവരശേഖരണവും പൂർത്തിയാക്കും. പതിനഞ്ചിനുള്ളിൽ 83.49 ലക്ഷം കുടുംബത്തിൽ ഇവർ എത്തും. ഇതിന് ഒരുലക്ഷത്തോളം പേരെ കില നേതൃത്വത്തിൽ പരിശീലിപ്പിച്ചു. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിനുശേഷമാകും പ്രചാരണം.
ഓരോ വാർഡിലും 150 വീടിന് അഞ്ച് അംഗങ്ങളുള്ള സന്നദ്ധസംഘം പ്രവർത്തിക്കും. എഡിഎസ്, ഓക്‌സിലറി ഗ്രൂപ്പ്, അങ്കണവാടി, ആശാ, യൂത്ത് ക്ലബ്, റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കാളിയാകും. സർക്കാരിതര മേഖലകളിൽ തൊഴിലന്വേഷിക്കുന്ന 18–-59 പ്രായക്കാരുടെ വിവരങ്ങൾ വീടുകളിൽനിന്ന് നേരിട്ട് ശേഖരിക്കും. ഡിജിറ്റൽ സർവകലാശാല തയ്യാറാക്കിയ ‘ജാലകം’ മൊബൈൽ ആപ്ലിക്കേഷൻ ഇതിന് ഉപയോഗിക്കും. തൊഴിലന്വേഷകർക്ക് knowledgemission.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും തുടർപ്രവർത്തനങ്ങൾക്കും പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകർ–-കമ്യൂണിറ്റി അംബാസഡർമാർ–- നിർദേശം നൽകും. വാർഡ് ജനപ്രതിനിധി പ്രചാരണത്തിന്റെ വാർഡുതല നേതൃത്വത്തിലുണ്ടാകും.ആഗോള മാറ്റങ്ങൾക്ക് അനുസൃതമായി, അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമി മിഷൻ ലക്ഷ്യം.
തൊഴിലന്വേഷകർക്ക് നൈപുണ്യത്തിനും താൽപ്പര്യത്തിനും അനുസൃതമായ തൊഴിൽ കണ്ടെത്താനുള്ള അവസരവും ഇടവും ഒരുക്കും. നാലുവർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലക്ഷ്യമിട്ട് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ആരംഭിച്ചു. ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തു. ഇവരെ അഭിമുഖംവഴി ലോകോത്തര കമ്പനികൾ തെരഞ്ഞെടുക്കും. ഉദ്യോഗാർഥികൾക്ക് നൈപുണ്യപരിശീലനം ഉറപ്പാക്കും. നൈപുണ്യപരിശീലന സ്ഥാപനങ്ങളെ കെ ഡിസ്‌ക് ഏകോപിപ്പിക്കും.