മനുഷ്യജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി നീട്ടി വനം വകുപ്പ് ഉത്തരവിട്ടു. തോക്ക് ലൈസൻസുള്ളവർക്കു മാത്രമാണ് അനുമതി. കഴിഞ്ഞ വർഷത്തെ ഉത്തരവിന്റെ സമയപരിധി 17ന് അവസാനിക്കാനിരിക്കെയാണു നടപടി.
വനം വകുപ്പിന്റെ എല്ലാ ഡിവിഷനുകളിലെയും സ്പെഷൽ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിക്കണമെന്നും ഒരു വർഷം തികയുന്ന മുറയ്ക്ക് നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണവും മറ്റും വിശദീകരിച്ച് സർക്കാരിനു റിപ്പോർട്ട് നൽകണമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നിർദേശിച്ചിട്ടുണ്ട്.
2020 മേയ് 18ന് ആണ് കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ 6 മാസത്തേക്ക് അനുമതി നൽകി ആദ്യം ഉത്തരവിറക്കിയത്. തുടർന്ന് 6 മാസവും പിന്നീട് ഒരു വർഷവും കൂടി നീട്ടി.