21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഏഴാം ദിവസം; പത്ത് കടകൾ പൂട്ടിച്ചു; 65 സ്ഥാപനങ്ങൾക്ക് നോട്ടീസ്
Kerala

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഏഴാം ദിവസം; പത്ത് കടകൾ പൂട്ടിച്ചു; 65 സ്ഥാപനങ്ങൾക്ക് നോട്ടീസ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.

പെയിന്റിന്റെ ബക്കറ്റിൽ ചിക്കൻ, വില്പനയ്ക്ക് ചീഞ്ഞ മത്സ്യം

കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ആകെ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങൾ, ലൈസൻസ് ഇല്ലാത്ത 5 സ്ഥാപനങ്ങൾ എന്നിവയാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്

ഇടുക്കി ജില്ലയിൽ അടിമാലി ആനച്ചാൽ മൂന്നാർ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ആറ് കടകൾക്കെതിരെ നടപടി.. ലൈസൻസില്ലാത്ത രണ്ട് കടകൾ പൂട്ടിച്ചു. നാല് കടകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.മൂന്നിടങ്ങളിൽ ആയി 12 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കോട്ടയത്ത്‌ ഇത് വരെ 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രണ്ടു കടകൾക്കു നോട്ടീസ് നൽകി. പഴകിയ പാലും, തുറന്നു വച്ച പഴങ്ങളും കണ്ടെത്തിയതിനാണ് നോട്ടീസ്. ഏറ്റുമാനൂർ, പട്ടിത്താനം എന്നിവിടങ്ങളിൽ ആണ് പരിശോധന നടന്നത്.

കോഴിക്കോട് ജില്ലയിൽ ഇന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന നടന്നു. കുറ്റ്യാടിയിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. 8 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാവൂർ റോഡ്, നരിക്കുനി, തീക്കുനി, തുളട്ടുനട, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശ്ശേരി,എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.

കാസർകോട് നഗരത്തിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സം സം ഹോട്ടലിൽനിന്ന് പിഴയീടാക്കി. പെയിന്റിന്റെ ബക്കറ്റിൽ സൂക്ഷിച്ച ചിക്കനും കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ച മുട്ടയും കണ്ടെത്തി. പല ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തി. വിവിധ കൂൾബാറുകളുനിന്ന് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു. കാസർകോട് ഷവർമ സെന്റർ അടപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ KONCHI എന്ന ഷവർമ സെന്ററാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്.

Related posts

സമ്ബൂര്‍ണ വാക്‌സിനേഷന്‍ ജില്ല; നേട്ടം സ്വന്തമാക്കി വയനാട്

Aswathi Kottiyoor

പുതുവത്സര ആഘോഷം. സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ദുബായ്

Aswathi Kottiyoor

കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാകും: പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox