കണ്ണൂർ: പ്രശസ്തമായ കൊട്ടിയൂർ മഹാക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവം പത്തിന് ആരംഭിക്കും. കഴിഞ്ഞ രണ്ടു വർഷമായി ചടങ്ങ് മാത്രമായാണ് ഉത്സവം സംഘടിപ്പിച്ചത്. ഈവർഷം ഉത്സവകാലയളവിൽ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉത്സവത്തിന് എത്തുന്നവർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൊട്ടിയൂർ ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
16ന് അർധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുന്പും ജൂൺ ആറിന് ഉച്ചശീവേലിക്കുശേഷവും സ്ത്രീകൾക്ക് അക്കരെ കോട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകില്ല. ഭക്തരുടെ താമസസൗകര്യത്തിന് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന മന്ദംചേരിയിൽ രണ്ട് നിലകളോടുകൂടിയ ഒരു സത്രവും ഒന്പത് മുറികളോടുകൂടിയ ഒരു വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യവും പുതിയ ശൗചാലവും നിർമിച്ചിട്ടുണ്ട്. പരമാവധി ഭക്തർക്ക് അന്നദാനം നടത്തുന്നതിനുള്ള സംവിധാനം ക്രമീകരിച്ചതായും സംഘാടകർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനായി 300 വോളണ്ടിയർമാരെ നിയമിക്കും. ഉത്സവനാളുകളിൽ പ്രദേശത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് 35 തൊഴിലാളികളെ നിയമിക്കും. ഇവിടെയെത്തുന്ന പോലീസുകാർക്ക് താമസിക്കാനായി ഇക്കരെ പഴയ പോലീസ് ഓട്ട്പോസ്റ്റ് കെട്ടിടം പൊളിച്ച് അവിടെ പുതിയ കെട്ടിടം പണിതിട്ടുണ്ട്. ഉത്സവത്തിനെത്തുന്ന ഭക്തർക്ക് പ്രസാദം ലഭിക്കുന്നതിനായി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവത്തിനെത്തുന്ന ഭക്തരുടെ യാത്രാക്ലേശത്തിന് പരിഹാരമായി അധിക കെഎസ്ആർടിസി അനുവദിക്കണമെന്നും ഉത്സവനാളുകളിൽ പ്രദേശത്ത് യാചകരെ ഒഴിവാക്കണമെന്നും പ്രദേശത്ത് മദ്യം, മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയാൻ വേണ്ട നടപടികളെടുക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ട്രസ്റ്റി ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ കെ.നാരായണൻ പങ്കെടുത്തു.