ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി. ലൈസൻസില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവർത്തിച്ച എട്ട് ഷവർമ കടകൾ അടപ്പിച്ചു. 15 കടകൾക്ക് നോട്ടീസ് നൽകി.
അഞ്ച് കടകളിൽനിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ജില്ലയിൽ ഷവർമ വിൽക്കുന്ന കടകളുടെ രജിസ്‌റ്റർ ഉൾപ്പെടെ തയ്യാറാക്കി സൂക്ഷിക്കുകയാണ് ലക്ഷ്യം.
ഷവർമ കടകൾ കൂടുതലായും പ്രവർത്തിക്കുന്ന രാത്രിയിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ജില്ലയിലെ നൂറോളം കടകളിൽ പരിശോധന നടത്തി.
പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, തലശേരി എന്നിവിടങ്ങളിലെ കടകളാണ് പൂട്ടിച്ചത്. ചില കടകളിലെ ഷവർമ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന ചിക്കൻ, മസാല, മയോണൈസ് എന്നിവ ശേഖരിച്ച് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. വരുംദിനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കും. വരുംദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കും.
ഭക്ഷ്യവിഷബാധയേറ്റവർ ആശുപത്രി വിട്ടു
പരിയാരം
ചെറുവത്തൂരിൽ ഷവർമയിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഗുരുതരാവസ്ഥയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂർ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽനിന്ന് റഫർ ചെയ്ത ഒമ്പതു പേരാണുണ്ടായിരുന്നത്. 15 മുതൽ 22 വയസുവരെ പ്രായമുള്ളവരിലെ ആറുപേർ പെൺകുട്ടികളായിരുന്നു. ആറുപേർ ഭക്ഷ്യവിഷബാധയുണ്ടായ ദിവസവും ഒരാൾ ചൊവ്വാഴ്ചയും രണ്ടുപേർ ബുധനാഴ്ചയുമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ആശുപത്രി സൂപ്രണ്ട് കെ സുദീപ് ചെയർമാനും ജനറൽ മെഡിസിൻ, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, വിഭാഗങ്ങളിലെ മേധാവിമാരായ കെ സി രഞ്ജിത്ത് കുമാർ, എസ് എം അഷ്‌റഫ്, സോണി സ്മിത, പി ധനിൻ എന്നിവരും ജനറൽ മെഡിസിനിലെ പ്രൊഫസറായ ഡോ. വി കെ പ്രമോദും അംഗങ്ങളായ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ നടത്തിയത്. സർക്കാർ നിർദേശപ്രകാരം ചികിത്സ പൂർണമായും സൗജന്യമായിരുന്നുവെന്ന് പ്രിൻസിപ്പൽ ഡോ. കെ അജയകുമാർ അറിയിച്ചു. ചികിത്സ നൽകിയ ഡോക്ടർമാരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.