കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്നുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇത് സംബന്ധിച്ച് ബി.പി.സി.എല്ലാണ് ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നത്.
ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്പനികള്‍ കൂടിയ വില ഈടാക്കുന്നത്. പ്രഥമദൃഷ്ട്യാ വിലനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും കെഎസ്ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.