ഇരിട്ടി: കാർഷിക വിളകൾക്ക് വൻ നാശം വരുത്തിക്കൊണ്ട് അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തികൾ കാട്ടാനകൾ കയ്യടക്കുന്നു. മേഖലയിലെ കേരളാ – കർണ്ണാടകാ വനമേഖല പങ്കിടുന്ന മുടിക്കയം, പാറയ്ക്കാമല, പാലത്തിൻകടവ് പ്രദേശങ്ങളിലാണ് കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾക്ക് നാശം വരുത്തുന്നത്. വനമേഖലയിൽ നിന്ന് കൂട്ടമായി എത്തുന്ന ആനക്കൂട്ടം സ്ഥിരം ഭീഷണിയുയർത്തുകയാണെന്ന് മേഖലയിലെ കർഷകർ പറഞ്ഞു.
പറക്കാമലയിലെ പല്ലാട്ടുകുന്നേൽ സെവ്യറിന്റെ 17 കശുമാവ്, പല്ലാട്ടുകുന്നേൽ ബിജുവിന്റെ 16 കശുമാവ്, രണ്ട് തെങ്ങ് , കമുങ്ങ് , പല്ലാട്ടുകുന്നേൽ ബിജുവിന്റെ 15 കശുമാവ്, വട്ടക്കുന്നേൽ കുര്യന്റെ അഞ്ച് തെങ്ങ് എന്നിവ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ നശിപ്പിച്ചു. ഇല്ലിക്കക്കുന്നേൽ സിനുവിന്റെ വാഴ ഉൾപ്പെടെയുള്ള വിളകൾക്കും കനത്ത നാശം വരുത്തി.
കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും വനാതിർത്തികൾ പങ്കിടുന്ന പ്രദേശത്ത് ഇരുമേഖലകളിൽ നിന്നും കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുകയാണ്. പാലത്തുംകടവിലും മുടിക്കയത്തും കർണ്ണാടക വനത്തിൽ നിന്നുള്ള ആനകളാണ് ഭീഷണിയെങ്കിൽ പാറയ്ക്കാ മല മേഖലയിൽ കേരള വനത്തിൽ നിന്നുള്ള ആനകളും കർഷകർക്ക് ശല്യമാവുകയാണ്. ഇവിടങ്ങളിൽ കൃഷിഭൂമിയും വനാതിർത്തിയും തമ്മിൽ വേർതിരിക്കുന്ന ഭാഗങ്ങളിൽ വന്യമൃഗപ്രതിരോധ മാർഗങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെ ഒരു തടസ്സവുമില്ലാതെ വനത്തിൽ നിന്നും ആനക്കൂട്ടം നേരെ കൃഷിയിടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവിടങ്ങളിൽ സംരക്ഷണ ഭിത്തിയോ മറ്റ് പ്രതിരോധ മാർഗങ്ങളോ ഉണ്ടാക്കണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം ഇതുവരെ അധികൃതർ പരിഗണിക്കപ്പെട്ടിട്ടില്ല.