പെരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ബുധനാഴ്‌ച മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 12ന് പെരിങ്ങൽകുത്ത് ഗവ. എൽപി സ്കൂൾ അങ്കണത്തിലാണ് ചടങ്ങ്.
24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാകും. മഴക്കാലത്ത് ഒഴുകിയെത്തുന്ന അധിക ജലം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വൈദ്യുതി ഉൽപ്പാദനശേഷം വെള്ളം ചാലക്കുടി പുഴയിലേക്ക് തന്നെ ഒഴുക്കിവിടും. വൈദ്യുതി നിലവിലുള്ള പ്രസരണ ലൈനുകൾ വഴി ചാലക്കുടി 220 കെവി സബ്‍സ്റ്റേഷനിലേക്ക് എത്തിച്ച് വിതരണം ചെയ്യും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പെരിങ്ങൽകുത്ത് റിസർവോയറിലെ അധിക ജലം ഉപയോഗിച്ച് സ്ഥാപിത ശേഷി 48 മെഗാവാട്ടായി ഉയർത്താനാകും. ഈ സർക്കാർ അധികാരമേറ്റ ശേഷം 156 മെഗാവാട്ട് ശേഷിയുള്ള ഉൽപ്പാദന പദ്ധതികൾ പൂർത്തിയാക്കി.