നിർമ്മാണ പ്രവർത്തി പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ഉദ്‌ഘാടനം ചെയ്യാതെ വിവാദത്തിലായ ഇരിട്ടി ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് വാടകക്കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ഇതിന്റെ ഉദ്‌ഘാടനം 19 ന് മന്ത്രി വാസവൻ നിർവഹിക്കും.
കെട്ടിടം പണി പൂർത്തിയായിട്ടും വൈകുന്നതിൽ നിരവധി കോണിൽ നിന്നും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസം ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്‌ഘാടനം ചെയ്യുകയും ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കീഴൂരിൽ ഇരിട്ടി – മട്ടന്നൂർ അന്തർ സംസ്ഥാന പാതയിൽ പ്രവർത്തിച്ചുവന്നിരുന്ന പഴക്കം ചെന്ന ഓഫീസ് കെട്ടിടം അപകട നിലയിലായതോടെയാണ് കെട്ടിടം പൊളിച്ചുകളഞ്ഞ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഇവിടെനിന്നും ഏകദേശം ഒരുകിലോമീറ്റർ ഉള്ളിയായി വാടക കെട്ടിടത്തിൽ ഏറെ അസൗകര്യങ്ങളോടെയാണ് സബ്ബ് രജിസ്റ്റാർ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചിട്ട് ഒരു വര്ഷം പിന്നിട്ടിട്ടും ഓഫീസ് ഇതിലേക്ക് മാറുന്നതിനുള്ള തടസമെന്താണെന്ന പൊതുജനങ്ങളുടെ സംശയത്തിന് ഉത്തരം കിട്ടിയിരുന്നില്ല. സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നര കോടിയോളം രൂപ ചിലവിൽ പാർക്കിംങ്ങ് സൗകര്യത്തോട് കൂടിയ പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചത്.