ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കർണാടക തലസ്ഥാനത്തു മൂന്നു ദിവസംകൂടി കനത്ത മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗളൂരു നിവാസികൾ ഇന്നു നഗരത്തിൽ പെയ്ത ആലിപ്പഴത്തിന്‍റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. കനത്ത മഴയും അസഹ്യമായ വേനൽച്ചൂടും മാറിമാറി ഏല്പിക്കുന്ന ഇരട്ടപ്രഹരത്തിലാണ് ബെംഗളൂരു നിവാസികൾ.
ഇതു മൂലം നഗരത്തിൽ പലപ്പോഴും വൈദ്യുത തടസമുണ്ടായി. ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് പെരുമഴ പെയ്തിറങ്ങിയത്. കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.
അതേസമയം, ബംഗളൂരുവിൽ മഴ തകർക്കുന്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തീവ്രമായ ഉഷ്ണ തരംഗത്തിൽ വലയുകയാണ്. രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാഷ്മീർ, ഡൽഹി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഇന്നു താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു.