മേയ് ഒന്നിന് ബംഗളൂരുവില്‍ തൊഴിലാളിദിന റാലി നടത്തുന്നതിന് കര്‍ണാടക ഹൈകോടതിയുടെ വിലക്ക്. സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടൗണ്‍ ഹാളില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് റാലി നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി.) ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് ഹൈകോടതി അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്.
ഫ്രീഡം പാര്‍ക്കില്‍ അല്ലാതെ ബംഗളൂരുവിന്‍റെ മറ്റിടങ്ങളില്‍ റാലികളും പ്രതിഷേധങ്ങളും വിലക്കി മാര്‍ച്ച് മൂന്നിന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും മേയ്ദിന റാലിക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.
ഏപ്രില്‍ 13ന് ബംഗളൂരുവിലെ പ്രശസ്തമായ കരഗ ഘോഷയാത്രക്ക് അനുമതി നല്‍കിയ കാര്യവും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 15,000 തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലി നടത്താനാണ് അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍, കരഗ ഘോഷയാത്രക്ക് അനുമതി നല്‍കിയത് രാത്രിയിലാണെന്നും നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ പകല്‍ സമയത്ത് നടത്തുന്ന റാലിയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഹരജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.