ഏപ്രിൽ ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. പകൽ 45 ഡിഗ്രി വരെ താപനിലയെത്തി. അഞ്ചു ദിവസംകൂടി സമാനമായ ഉഷ്‌ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. രാജസ്ഥാൻ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും പഞ്ചാബിലും ക്രമാതീതമായി ചൂട് കൂടി. ഹരിയാനയിലെ ഗുഡ്ഗാവിൽ വ്യാഴാഴ്‌ച താപനില 45.6 ഡിഗ്രി. 1979ൽ രേഖപ്പെടുത്തിയ 44.8 ആണ് റെക്കോഡ്. ഡൽഹിയിൽ 12 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിലാണ് ഇത്.
യുപിയിലെ ഹത്രാസിൽ 46 ഡിഗ്രിയിലെത്തി. ഒഡിഷയിലും ബംഗാളിലും സ്‌കൂൾ അടച്ചു. മെയ് ഒന്നുമുതൽ താപനില കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. വെള്ളമില്ലാതെ വിളവ് കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. ഉത്തരേന്ത്യൻ പാടങ്ങൾ വരളുന്നതോടെ രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിലും ഇടിവുണ്ടാകും.
കൂരിരുട്ട്
ഊർജപ്രതിസന്ധിയിൽ ഉലഞ്ഞ് രാജ്യം കൂരിരുട്ടിലേക്ക്. കൽക്കരിയില്ലാതെ താപവൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലായി. രാജ്യത്താകെ 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശ്, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷം. രാജ്യതലസ്ഥാനം ഏതു നിമിഷവും ഇരുട്ടിലാകാമെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. ഒരു ദിവസത്തേക്കുള്ള കൽക്കരിമാത്രമാണ് ദാന്ദ്രി–-2 നിലയത്തിലുള്ളത്. മെട്രോറെയില്‍ ഓടില്ല. ആശുപത്രികള്‍ അടച്ചിടേണ്ടിവരും. ഉഞ്ചഹാർ, കഹൽഗാവ്, ഫറാക്ക, ജജ്ജാർ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരിയില്ലെന്നും മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. 657 പാസഞ്ചർ ട്രെയിൻ റദ്ദാക്കി 400 വാഗണിലായി കൽക്കരി എത്തിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ, ഇതിനുള്ള വാഗൺ കൈവശമില്ല. പല സംസ്ഥാനത്തും എട്ടു മണിക്കൂർവരെ പവർ കട്ട് ഏർപ്പെടുത്തി.
കൽക്കരി ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം
പ്രതിസന്ധിക്കിടയിലും കൊള്ളയ്‌ക്ക് നിർബാധം വഴിതുറന്നിടുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിക്കായി സംസ്ഥാനം കുത്തകകളിൽനിന്ന് കൽക്കരി നേരിട്ട് ഇറക്കണമെന്നാണ് പുതിയ നിർദേശം. ഇതിനുള്ള റെയിൽ വാഗൺ വാങ്ങണമെന്നും കേന്ദ്രം നിലപാടെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയുടെ ചിറകരിഞ്ഞ് അദാനിയടക്കമുള്ള സ്വകാര്യ കുത്തകയ്‌ക്ക് കേന്ദ്രം കൽക്കരിപ്പാടം തീറെഴുതിയിരുന്നു. സംസ്ഥാനങ്ങൾ ഇറക്കുമതിചെയ്യുന്ന കൽക്കരിയുടെ ഇടനിലക്കാരനായി നിൽക്കുന്നതും അദാനിയും ടാറ്റയുമടങ്ങുന്ന ഈ കമ്പനികളാണ്.
ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങൾ കമ്പനിയുമായി ചർച്ച തുടങ്ങി. തമിഴ്‌നാടും വാങ്ങാനുള്ള ശ്രമത്തിലാണ്. ഗുജറാത്തും മഹാരാഷ്ട്രയും ചർച്ച പൂർത്തിയാക്കിയെന്ന് ടാറ്റ പവർ വെളിപ്പെടുത്തി.