കഴക്കൂട്ടത്ത് ബുധനാഴ്ച പ്രവർത്തനം തുടങ്ങിയ ടാറ്റ എലക്‌സി ഉൾപ്പെടെ ഒരു വർഷത്തിനുള്ളിൽ കിൻഫ്രയുടെ പാർക്കുകളിലെത്തിയത് എട്ട് പ്രമുഖ കമ്പനികൾ. ഇതു വഴി 1000 കോടിയുടെ നിക്ഷേപവും 5000 പേർക്ക് നേരിട്ട് തൊഴിലും ലഭിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള കിൻഫ്രയുടെ കാക്കനാട്, കഴക്കൂട്ടം പാർക്കുകളിലും എറണാകുളം പെട്രോ കെമിക്കൽ പാർക്കിലുമായാണ് കമ്പനികൾക്ക് സ്ഥലം അനുവദിച്ചത്.
കാക്കനാട് ഇലക്‌ട്രോണിക് പാർക്കിൽ ടിസിഎസ്, വി ഗാർഡ്, അഗാപ്പെ ഡയഗ്‌നോസ്‌റ്റിക്‌സ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ് കോ, ഹൈകോൺ എന്നീ കമ്പനികളെത്തി. കഴക്കൂട്ടത്തെ ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ടാറ്റ എലക്‌സിക്കു പുറമെ വിൻവിഷ് ടെക്‌നോളജിക്കും സ്ഥലം അനുവദിച്ചു. ജോളി കോട്ട്‌സ് ആണ് എറണാകുളം പെട്രോ കെമിക്കൽ പാർക്കിൽ എത്തിയത്.
കിൻഫ്ര വഴി ആകെ 1522 കോടിയുടെ സ്വകാര്യനിക്ഷേപമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തെത്തിയത്. മുപ്പതിനായിരത്തോളം തൊഴിലവസരം സൃഷ്ടിച്ചു. 128.82 ഏക്കർ ഭൂമിയാണ് വിവിധ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്.