സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി ക്ഷാമം മറികടക്കുന്നത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്‌ഇബി നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. മേയില്‍ 50 കോടിരൂപ അധികം ചെലവിട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു.
യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതിയാണ് മേയ് 31 വരെ വാങ്ങുക. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്. കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ആഴ്‌ചയില്‍, ഇന്ത്യയിലെ മൊത്തം വൈദ്യുതി ക്ഷാമം 623 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറവായതിനാല്‍ ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ഈ മാസം വൈദ്യുതി മുടങ്ങി.