സംസ്ഥാനത്തിന് നാല് നിലയത്തിൽനിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ്. ബാൽകോയിൽനിന്നും 100, ജാബുവ, ജിൻഡാൽ നിലയങ്ങളിൽനിന്നായി ആകെ 78 മെഗാവാട്ട് വൈദ്യുതിയാണ് കുറഞ്ഞത്. ഇതിനുപുറമേയാണ് ജാർഖണ്ഡിലെ മൈഥോൺ പവർസ്റ്റേഷനിൽനിന്നും 135 മെഗാവാട്ടിന്റെ കുറവ്.
ആന്ധ്രയിലെ സെൻഡ്കോർഡ്, കോഴിക്കോട്ടെ നല്ലളം താപനിലയങ്ങളെ ആശ്രയിച്ച് വൈദ്യുതി കമ്മി നികത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. വെള്ളിയാഴ്ച 200 മെഗാവാട്ട് നൽകാമെന്ന് ആന്ധ്രനിലയം അറിയിച്ചു. വെള്ളിയാഴ്‌ച നല്ലളത്തെ നിലയം പ്രവർത്തിപ്പിച്ച് 90 മെഗാവാട്ട് ഉൽപാദിപ്പിക്കാൻ കഴിയുമെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു
നവംബറിൽ ചേർന്ന വൈദ്യുതി അവലോകനയോഗത്തിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ 380 മുതൽ 543 മെഗാവാട്ട് വരെ സംസ്ഥാനത്ത് വൈദ്യുതി കുറവുണ്ടാകുമെന്ന് സിസ്റ്റം ഓപ്പറേഷൻ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് കണക്കിലെടുത്ത് മുൻകാലങ്ങളിലേതുപോലെ നേരത്തെതന്നെ ഹ്രസ്വകരാറിൽ ഏർപ്പെട്ട് മതിയായ വൈദ്യുതി ഉറപ്പാക്കാനുള്ള ശ്രമവുമുണ്ടായില്ല. പിന്നീട് തിരിച്ചുകൊടുക്കുന്ന ബാങ്കിങ് സമ്പ്രദായംവഴി 100 മെഗാവാട്ട് മാത്രം കിട്ടി. ആവശ്യപ്പെട്ടതാകട്ടെ വെറും 150 മെഗാവാട്ട്. മാർച്ച് ഏഴുമുതൽ 31 വരെയും ഏപ്രിൽ, മെയ് മാസത്തേക്കുള്ള വൈദ്യുതിക്ക് ഹ്രസ്വകാല കരാറിനുള്ള നടപടി സ്വീകരിച്ചതാകട്ടെ മാർച്ചിലും. മുൻകാലങ്ങളിൽ നവംബറിൽ സ്വീകരിച്ചിരുന്ന നടപടിയാണ് മാർച്ചിൽ എടുത്തത്. ഡീപ് സംവിധാനം വഴി വൈദ്യുതിക്ക് ശ്രമിച്ചെങ്കിലും യൂണിറ്റിന് 10 മുതൽ 12 രൂപയായതിനാൽ എടുത്തില്ല. ഇതിനുശേഷമാണ് ഹ്രസ്വകാല ടെൻഡറിലേക്ക് നീങ്ങിയത്. എന്നാൽ, ഡിസംബർ, ജനുവരിയിൽ ഡീപ് സംവിധാനംവഴി വാങ്ങാൻ ശ്രമിച്ചെങ്കിൽ യൂണിറ്റിന് അഞ്ച്, ആറ് രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്നു. വൈദ്യുതി ഉൽപ്പാദനശേഷി ഉയർത്തുന്നതിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്ച, കൽക്കരി ക്ഷാമം എന്നിവയാണ് ദേശീയ തലത്തിൽ നിലവിലുള്ള ഊർജപ്രതിസന്ധിക്ക് കാരണം.