തപാല്‍ വകുപ്പിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. തപാല്‍ വകുപ്പ് മുഖാന്തരം സബ്‌സിഡി ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കുന്ന മൊബൈല്‍ ആപ്പുകളുടെ മറവില്‍ പണം തട്ടുന്ന സംഭവം കേരളത്തില്‍ വര്‍ധിച്ചെന്ന് പൊലീസ് പറയുന്നു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി കാല്‍ലക്ഷം രൂപ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റല്‍ വകുപ്പ് മുഖാന്തരം ഗവണ്‍മെന്റ് സബ്‌സിഡികള്‍ വിതരണം ചെയ്യുന്നതിനുള്ള ലിങ്കെന്ന വ്യാജേന ഒരു ലിങ്ക് വാട്ട്‌സ് ആപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റല്‍ വകുപ്പിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് തെളിയും. നിങ്ങള്‍ക്ക് 6000 രൂപ ഗവണ്‍മെന്റ് സബ്‌സിഡി ലഭിക്കാനുണ്ടെന്ന സന്ദേശമെത്തും. ലളിതമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടും. അതു ചെയ്താല്‍, സമ്മാനമടിച്ചതായും അത് ലഭിക്കാന്‍ അതില്‍ തന്നിട്ടുള്ള ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. വമ്പന്‍ തുകയോ കാറോ സമ്മാനമായി ലഭിച്ചതായാകും കാണും.
സമ്മാനം ലഭിക്കാന്‍ അവര്‍ നല്‍കുന്ന ലിങ്ക് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെടും. സമ്മാനത്തുക അയക്കാന്‍ പ്രോസസിംഗ് ചാര്‍ജ്, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയ പേരില്‍ പലഘട്ടങ്ങളിലായി പണം കൈപ്പറ്റിക്കൊണ്ടേയിരിക്കും
ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ അരുത്. തപാല്‍ വകുപ്പ് ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല. തപാല്‍ വകുപ്പ് വെബ്‌സൈറ്റിന്റെ യഥാര്‍ത്ഥ വെബ് വിലാസം (URL) ശ്രദ്ധിക്കുക. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസം തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പില്‍ പൊലീസ് പറയുന്നു.