നൂറ്റാണ്ടിനിടയിൽ കേരളത്തിൽ 1.67 ഡിഗ്രി സെൽഷ്യസ് ചൂട് വർധിച്ചതായി പഠനം. വരുംവർഷങ്ങളിലും ഇത് തുടരുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 1901 മുതൽ 2021 വരെയുള്ള സംസ്ഥാനത്തെ കാലാവസ്ഥ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 21ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പ്രതിവർഷത്തെ കുറഞ്ഞ താപനിലയിലും 0.42 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ട്. നൂറ്റിഇരുപത് വർഷത്തിനിടയിൽ എട്ടാമത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത് 2021ലാണ്. ശരാശരിക്കും 0.04 ഡിഗ്രി സെൽഷ്യസ് കൂടുതൽ. ഇത് 10 വർഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 38.5 ഡിഗ്രി രേഖപ്പെടുത്തിയ പാലക്കാടാണ് മുന്നിൽ. ഏപ്രിൽ എട്ടിനും മെയ് എട്ടിനും ഇതേ ചൂട് അനുഭവപ്പെട്ടു. ആലപ്പുഴയിൽ മാർച്ച് ഏഴിന് രേഖപ്പെടുത്തിയ 37.2 ആണ് ഉയർന്ന താപനില. ചൂട് വർധിക്കുന്നതിനൊപ്പം മഴയിലും കുറവുണ്ട്. 2021ലെ തെക്കു പടിഞ്ഞാറൻ മൺസൂണിൽമാത്രം 10.4 ശതമാനം മഴ ലഭിച്ചില്ല. 1981ൽ ശരാശരിയിലും 57 ശതമാനം കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറവ് 1924ലും. 87 ശതമാനം.
അതേസമയം, വടക്കു കിഴക്കൻ മൺസൂണിൽ അധികം മഴ ലഭിച്ചത് കഴിഞ്ഞ വർഷമാണ്. ശരാശരിയുടെ 401 ശതമാനം കൂടുതൽ. ഇടുക്കി ഒഴികെ ജില്ലകളിൽ 1901 മുതൽ തെക്കു പടിഞ്ഞാറൻ മൺസൂണിൽ മഴ കുറയുന്നതായും പഠനം പറയുന്നു. നെല്ലുൽപ്പാദക ജില്ലകളായ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ മഴ കുറയുന്നത് കാർഷികരംഗത്തിന് കനത്ത തിരിച്ചടിയാണ്.