സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ കന്പനിയെ 44 ബില്യൺ ഡോളറിനു ലോകസന്പന്നൻ ഇലോൺ മസ്കിനു വിൽക്കാനുള്ള കരാർ നിലവിൽ വന്നതിനു പിന്നാലെ ട്വിറ്റർ ജീവനക്കാരിൽ വലിയൊരു വിഭാഗം കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണെന്നു സൂചന. ഇതിനൊപ്പം വരാനിരിക്കുന്നത് അനിശ്ചിതത്വങ്ങളുടെ കാലമാണെന്നു ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ജീവനക്കാരോടു പറയുകയും ചെയ്തു.
ട്വിറ്ററിനെ സ്വന്തമാക്കിയ മസ്ക് ഏതു രീതിയിൽ കന്പനിയിലെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് ഒരു ധാരണയില്ലാത്തതാണ് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവ് കൂടിയായിരുന്നു മസ്ക്. എന്നാൽ, പലപ്പോഴും ട്വറ്ററിനെ തന്നെ രൂക്ഷമായി വിമർശിക്കാനാണ് അദ്ദേഹം തന്റെ അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. മാത്രമല്ല, ട്വിറ്റർ പുലർത്തിവരുന്ന ഉള്ളടക്ക നയങ്ങളെയും സമീപനങ്ങളെയുമൊക്കെ മസ്ക് പരിഹസിച്ചിരുന്നു.
ട്വിറ്ററിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള സങ്കേതമാക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും മസ്ക് വാചാലനായിരുന്നു മസ്കിന്റെ ഉടമസ്ഥതയിലേക്കു ട്വിറ്റർ സൈറ്റ് എത്തുന്പോൾ കൂടുതൽ അപകടരമായ ആയ ഉള്ളടക്കങ്ങൾ പെരുകാൻ അനുവദിക്കുമെന്ന ഊഹാപോഹത്തിനും അതു കാരണമായിട്ടുണ്ട്.
മസ്കിന്റെ ആക്രമണ ശൈലി ട്വിറ്ററിന്റെ നിലവിലെ സംസ്കാരത്തെ വ്രണപ്പെടുത്തുമെന്നും ചില ജീവനക്കാരെ അകറ്റുമെന്നുമാണ് പലരുടെയും ആശങ്ക. അതേസമയം, മസ്ക് കമ്പനി ഏറ്റെടുക്കുന്നതിൽ 10 ശതമാനം ട്വിറ്റർ ജീവനക്കാർ വലിയ ആവേശത്തിലാണെന്നാണ് സൂചന.
വരാനിരിക്കുന്നതു അനിശ്ചിതത്വങ്ങളുടെ കാലമെന്നു ട്വിറ്റർ സിഇഒ അഗർവാൾ ജീവനക്കാരെ ഓർമിപ്പിച്ചു. മസ്കുമായിട്ടുള്ള കരാർ പൂർത്തിയാകാൻ ആറു മാസത്തോളം സമയമെടുക്കും. അതുവരെ സോഷ്യൽ നെറ്റ്വർക്ക് പതിവുപോലെ പ്രവർത്തിക്കുമെന്നും ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാളും ചെയർമാൻ ബ്രെറ്റ് ടെയ്ലറും ജീവനക്കാരോടു പറഞ്ഞു.
ഇപ്പോൾ ജോലി വെട്ടിക്കുറയ്ക്കുന്നതുപോലെയുള്ള കാര്യങ്ങൾ പരിഗണനയിൽ ഇല്ല.
കരാർ പൂർത്തിയായിക്കഴിഞ്ഞാൽ പ്ലാറ്റ്ഫോം ഏതു ദിശയിലേക്കു പോകുമെന്നു തനിക്ക് ഇപ്പോൾ പറയാനാവില്ലെന്ന് അഗർവാൾ തൊഴിലാളികളോടു പറഞ്ഞു. ജീവനക്കാർക്കു ദോഷമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പു നൽകി.