പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെ രണ്ടു വർഷത്തേക്ക് കോണ്‍ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
നടപടിയെടുക്കാനുള്ള ശിപാർശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറാൻ യോഗം തീരുമാനിച്ചു. സോണിയ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം അച്ചടക്ക സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാമെന്ന തോമസിന്റെ നിർദ്ദേശം തള്ളി.
കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതാണ് തോമസിന് വിനയായത്. തോമസിന്റെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും നടപടി വേണമെന്നും കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.