സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്ക്കരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടു കൂടി 75 കന്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കുകളും നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം വാഹനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ കേട്ട് സമയബന്ധിതമായി പരിഹരിക്കുകയാണ് വാഹനീയം അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലുടനീളം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 726 കാമറകള്‍ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അവ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും വിവേചനരഹിതമായി വാഹനനിയമങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.