പാലക്കാട് മോഡല്‍ കൊലപാതകങ്ങള്‍ കണ്ണൂരിലും നടന്നേക്കാമെന്ന് പോലീസ് റിപ്പോര്‍ട്ട്. ജില്ലയില്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരന് നിസാമുദ്ദീന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.
2018 ലാണ് കണ്ണവത്ത് എബിവിപി. പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീന് വധക്കേസിലെ പ്രതികളായ അശ്വിന്, റിഷില്‍, അമല്‍രാജ് എന്നിവര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരില്‍നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരന് നിസാമുദ്ദീന്‍ നേരേയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.