26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വികസന മുന്നേറ്റത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി
Kerala

വികസന മുന്നേറ്റത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾ കേരളത്തിനു നൽകിയ സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. പ്രവാസി കുടുംബാംഗങ്ങളുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടേണ്ടതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നോർക്ക ആസ്ഥാനത്ത് പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ പ്രവാസികൾക്ക് അഭിപ്രായം പറയാനുള്ള ഏറ്റവും മികച്ച ഔദ്യോഗിക വേദിയായി ലോക കേരള സഭയെ മാറ്റിയെടുക്കാനായതു കേരളത്തിന്റെ അഭിമാന നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ കേരളത്തിനുപുറത്തു വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ഭാഗമായി നിരവധി പ്രതിഭകളുടെയും വിദഗ്ധരുടെയും പണ്ഡിതരുടെയും സഹായം വിവിധ പ്രശ്നങ്ങളിൽ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡിനു ശേഷം ലോകത്തെ തൊഴിൽമേഖലയിലുണ്ടായ പുതിയ ക്രമം ഉപയോഗപ്പെടുത്താൻ പ്രവാസികൾ പ്രത്യേക താത്പര്യം കാണിക്കണം. പരമ്പരാഗത കുടിയേറ്റ മേഖലകളിൽ പുതിയ സാധ്യതകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താൻ മികച്ച നൈപുണ്യ വികസനമുണ്ടാകണം. ഇതിനായി കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകണം. തൊഴിൽ സാധ്യതയുള്ള പുതുതലമുറ കോഴ്സുകളിൽ യുവതയ്ക്കു പരിശീലനം നൽകണം. ഇക്കാര്യത്തിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പോലെയുള്ള ലോക വേദികളിൽ കേരള മാതൃക ചർച്ചയായിട്ടുണ്ട്.
കോവിഡ് കാലത്തു പ്രവാസികളുടെ പ്രയാസങ്ങളിൽ മികച്ച ഇടപെടൽ നടത്താൻ സർക്കാരിനു കഴിഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമായി ചെയ്യാനായി. പ്രവാസികൾക്കു നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് വ്യവസായ നയങ്ങളിലും ചട്ടങ്ങളിലും അനിവാര്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 10 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസം ഇതിനകം ഒഴിവാക്കാനായിട്ടുണ്ട്. ലൈസൻസ്, മറ്റ് സാങ്കേതിക അനുമതികൾ തുടങ്ങിയവ ഇല്ലാതെ തന്നെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് നാലു ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്താനായത് നേട്ടമാണ്. വിദേശത്തു ജോലി ചെയ്യുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ സഹായം നൽകുന്നതിനു നിയമസഹായ സെൽ രൂപീകരിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങൾ ബാധിച്ച പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം പദ്ധതി വഴിയുള്ള സഹായം ആശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ മലയാളികളുടെ കഴിവും പ്രതിഭയും കേരളത്തിനായി ഉപയോഗപ്പെടുത്താൻ ലോക കേരള സഭയ്ക്ക് കഴിയുന്നുവെന്നു നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക ആസ്ഥാനത്ത് തന്നെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ഓഫിസ് പ്രവർത്തിക്കുന്നത് പ്രവാസികളുടെ വിഷയത്തിൽ അനുകൂല നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി കമ്മിഷൻ ചെയർ പേഴ്‌സൺ ജസ്റ്റിസ് പി.ഡി രാജൻ അധ്യക്ഷനായി. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക വെൽഫെയർ ബോർഡ് സി.ഇ. ഒ എം. രാധാകൃഷ്ണൻ, മെമ്പർ സെക്രെട്ടറി ഫാസിൽ എ, അംഗങ്ങളായ ബെന്യാമിൻ, ആസാദ് തിരൂർ,സുബൈർ പി കണ്ണൂർ, ബാജു ജോർജ്ജ് പറപ്പാട്ട്, മുൻ സെക്രട്ടറിമാരായ നിസാർ ഹംസ, അനിൽകുമാർ, വെൽഫെയർ ബോർഡ് അംഗങ്ങളായ സജി തൈക്കാട്, ജോർജ്ജ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

14 വർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്തു

Aswathi Kottiyoor

*ചാലക്കുടി-പോട്ട ദേശീയപാതയില്‍ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് 2 യുവാക്കൾ മരിച്ചു.*

Aswathi Kottiyoor

ഇക്കുറി ഓണ‘ക്കോടി’ പൊളിക്കും; ബംപര്‍ അടിച്ചാല്‍ കൈയിലിരിക്കും 25 കോടി!

Aswathi Kottiyoor
WordPress Image Lightbox