കായികമേഖലയിൽ കൂടുതൽ കരുത്താർജിക്കാൻ കേരള പൊലീസ് കോൺസ്‌റ്റബിൾ തസ്‌തികയിലും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഇതിനായി കേരള പൊലീസ് സബോർഡിനേറ്റ് സർവീസ് ചട്ടം ഭേദഗതി ചെയ്യും.
കായികതാരങ്ങൾക്കായി 128 കോൺസ്‌റ്റബിൾ തസ്‌തിക സൃഷ്ടിക്കും. 146 ഹവിൽദാർ തസ്‌തികയും ആലോചനയുണ്ട്. വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് സമർപ്പിച്ചു. പൊലീസിൽ കൂടുതൽ കായികതാരങ്ങൾക്ക് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
ആദ്യമായാണ് എൻട്രി കേഡറിൽ കായികതാരങ്ങളെ നേരിട്ട് നിയമിക്കുന്നത്. ഹവിൽദാർ റാങ്കിലാണ് നിലവിൽ എടുക്കുന്നത്. ആംഡ് ബെറ്റാലിയൻ സബ് ഇൻസ്‌പെക്ടർ, അസി. സബ് ഇൻസ്‌പെക്ടർ തസ്‌തികയിലും അപൂർവമായി നേരിട്ട് നിയമനം നടക്കാറുണ്ട്. പുതിയ ശുപാർശപ്രകാരം എഎസ്‌ഐ തസ്‌തികയിൽ ഇനി നേരിട്ട് നിയമിക്കില്ല. എസ്‌ഐ, ഹവിൽദാർ തസ്‌തികയിൽ പത്ത് ശതമാനംവീതവും കോൺസ്റ്റബിൾ തസ്‌തികയിൽ രണ്ട് ശതമാനവും കായികതാരങ്ങൾക്കായി മാറ്റിവയ്‌ക്കും. ഹവിൽദാർ, കോൺസ്‌റ്റബിൾ തസ്‌തികയിൽ ഓരോന്നിലും 150ൽ കൂടരുതെന്നും ശുപാർശയിലുണ്ട്.
അന്താരാഷ്‌ട്ര മീറ്റിൽ പങ്കെടുത്തിരിക്കണമെന്നതാണ് എസ്‌ഐ തസ്‌തികയിൽ നിയമനത്തിനുള്ള യോഗ്യത. ടീം ഇനങ്ങളിലും അന്താരാഷ്‌ട്ര മീറ്റിൽ പങ്കെടുക്കണം. ഹവിൽദാർ, കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക് സംസ്ഥാന, ദേശീയ മീറ്റിൽ വ്യക്തിഗത ഇനത്തിൽ ഒന്നോ രണ്ടോ സ്ഥാനം നേടണം. റിലേയിൽ ഒന്നാംസ്ഥാനം നേടിയ ടീമിലോ കായിക ഇനത്തിൽ ദേശീയ മീറ്റിൽ ഒന്ന്, രണ്ട് സ്ഥാനം നേടിയ ടീമിലോ അംഗമാകണം. ബോർഡ് സെലക്‌ഷനുശേഷം കായികക്ഷമത പരീക്ഷയും വിജയിക്കണം.
ഇനി വനിതാ ഫുട്‌ബോൾ ടീമും
കേരള പൊലീസിന് വനിതാ ഫുട്‌ബോൾ ടീമും. പുതിയ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ 18 വനിതാ ഫുട്‌ബോൾ താരങ്ങളെയാകും നിയമിക്കുക. ഹോക്കി (പുരുഷ), ഫെൻസിങ് (പുരുഷ), ജൂഡോ (വനിതാ), ആർച്ചറി (പുരുഷ, വനിത), ഷൂട്ടിങ് (പുരുഷ, വനിത) ടീമുകളും കേരള പൊലീസ് പുതുതായി ഉണ്ടാക്കും. ഹോക്കിയിൽ 18 പുരുഷന്മാരെയും ജൂഡോയിൽ പത്ത് വനിതകളെയും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കും.