25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക്ഷേമം, സുരക്ഷ ; മത്സ്യമേഖലയിൽ 287 കോടിയുടെ പദ്ധതി
Kerala

ക്ഷേമം, സുരക്ഷ ; മത്സ്യമേഖലയിൽ 287 കോടിയുടെ പദ്ധതി

മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി 287.33 കോടി രൂപയുടെ പദ്ധതികൾ‌ അടുത്തമാസം നിർവഹണത്തിലേക്ക്‌ കടക്കും. തൊഴിലാളി ക്ഷേമം, സുരക്ഷ, കുടുംബാംഗങ്ങളുടെ സാമൂഹിക ഉയർച്ച, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, വരുമാനം ഉയർത്തൽ, വിദ്യാഭ്യാസം, ഉൾനാടൻ മത്സ്യലഭ്യത ഉയർത്തൽ തുടങ്ങിയവയ്ക്കാണ്‌ വാർഷികപദ്ധതിയിൽ മുൻഗണന.

കടൽ സുരക്ഷയ്‌ക്കും മത്സ്യബന്ധന സാമഗ്രികളുടെ നവീകരണത്തിനുമായി 21 കോടി രൂപ നീക്കിവച്ചു. 20 മത്സ്യബന്ധന തുറമുഖങ്ങളിൽ 10 അംഗ സുരക്ഷാ സ്‌ക്വാഡ്‌ രൂപീകരിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾക്ക്‌ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകി, പ്രതിഫലവും ഉറപ്പാക്കും.
പരമ്പരാഗത യാനങ്ങളെല്ലാം ഇൻഷുർ ചെയ്യും. 10,889 യാനത്തിനും 14,489 എൻജിനുമാണ്‌ രജിസ്‌ട്രേഷനുള്ളത്‌. കടലിലെ പ്ലാസ്റ്റിക്‌ നീക്കംചെയ്യാൻ നീണ്ടകരയിൽ നടപ്പാക്കിയ ‘ശുചിത്വ സാഗരം’ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പഴയ ബസ്‌ ബോഡിയിൽ മാറ്റംവരുത്തി മത്സ്യവിൽപ്പന കിയോസ്‌ക്‌ സ്ഥാപിച്ചുനൽകും. ആദ്യഘട്ടത്തിൽ പത്തെണ്ണം. ഇതിനായി കെഎസ്‌ആർടിസിയുമായി ചർച്ച തുടങ്ങി. തീരമേഖലയിലെ 18,865 കുടുംബത്തെ പുനരധിവസിപ്പിക്കുന്ന ‘പുനർഗേഹം’ ഈവർഷം പൂർത്തീകരിക്കും.

മത്സ്യ പീലിങ്‌ ഷെഡ്ഡുകളിൽ വൃത്തിയും ആരോഗ്യ സുരക്ഷിത്വവും ഉറപ്പാക്കി സംഭരണ സംവിധാനവും സൗരോർജവും ഉറപ്പാക്കും. ആലപ്പുഴയിൽ തുടക്കമിടും. വിദ്യാഭ്യാസ സഹായപദ്ധതികൾക്ക്‌ 13 കോടി. വിദ്യാർഥികളെ മത്സരപ്പരീക്ഷയ്‌ക്ക്‌ പ്രാപ്‌തരാക്കുന്ന വിദ്യാതീരം, ലൈബ്രറി സൗകര്യമൊരുക്കുന്ന പ്രതിഭാതീരം പദ്ധതികൾ വിപുലീകരിക്കും. പ്രൊഫഷണൽ കോഴ്‌സുകളിൽ സ്വാശ്രയ കോളേജിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്കും ഫീസ്‌ സഹായമുണ്ടാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ ബദൽ ഉപജീവന പദ്ധതിക്ക്‌ 13 കോടി. അടിസ്ഥാന സൗകര്യത്തിന്‌ തീരദേശ വികസന കോർപറേഷൻവഴി 107 കോടി.

കേരള അക്വാവെഞ്ചേഴ്‌സ്‌ ഇന്റർനാഷണൽ ലിമിറ്റഡിനെ (കാവിൽ) പനരുജ്ജീവിപ്പിക്കും. അലങ്കാര മത്സ്യങ്ങളുടെ വലിയതോതിലുള്ള ഉൽപ്പാദനവും വിപണനവും കയറ്റുമതിയും ലക്ഷ്യമിടുന്നു.

മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’
വിൽപ്പനയ്ക്കെത്തുന്ന മീനിലെ മായം കണ്ടെത്താൻ “ഓപ്പറേഷൻ മത്സ്യ’യുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള “നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിന്റെ ഭാഗമായാണിത്‌. സംസ്ഥാനത്തൊട്ടാകെ റെയ്ഡ്‌ നടത്തുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

എല്ലാ ജില്ലയിലും മൊബൈൽ ഭക്ഷ്യപരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാൽ മായം വേഗത്തിൽ കണ്ടെത്താം. കൂടുതൽ പരിശോധന വേണമെങ്കിൽ വകുപ്പിന്റെ ലബോറട്ടറികളിലേക്കും അയക്കാം. മാർക്കറ്റുകളിലും കടകളിലും ഭക്ഷ്യവസ്‌തുക്കൾ തരംതിരിച്ച്‌ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളുണ്ടാകും. മായംചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇടുക്കി നെടുങ്കണ്ടത്ത്‌ മീൻകറി കഴിച്ചവർക്ക്‌ ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും പച്ചമീൻ കഴിച്ച പൂച്ചകൾ ചാവുകയും ചെയ്തതിനെത്തുടർന്ന്‌ പരിശോധന ശക്തമാക്കിയിരുന്നു. മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധന നടത്തി പഴകിയ 1925 കിലോ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു.

പരാതികൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പർ: 1800 425 1125. ജില്ലകളിൽ–- തിരുവനന്തപുരം: 8943346181, കൊല്ലം: 8943346182, പത്തനംതിട്ട: 8943346183, ആലപ്പുഴ: 8943346184, കോട്ടയം: 8943346185, ഇടുക്കി: 8943346186, എറണാകുളം: 8943346187, തൃശൂർ: 8943346188, പാലക്കാട്: 8943346189, മലപ്പുറം: 8943346190, കോഴിക്കോട്: 8943346191, വയനാട്: 8943346192, കണ്ണൂർ: 8943346193, കാസർകോട്‌: 8943346194.

Related posts

നിയന്ത്രണങ്ങളില്ലാതെ വെബ്പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി.

Aswathi Kottiyoor

ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്; മാർച്ച് 1ന് വോട്ടെണ്ണൽ

Aswathi Kottiyoor

ബസുടമകളുടേത് അനാവശ്യ സമരം; പരീക്ഷ നടക്കുമ്പോൾ സമരം പാടില്ലായിരുന്നെന്ന് മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox