പേരാവൂർ: പഞ്ചായത്തിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണപക്ഷ അംഗങ്ങളെ മാത്രം പരിഗണിക്കുന്നുവെന്നും തങ്ങളെ ബോധപൂർവം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്നും യു.ഡി.എഫ്.അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്തിൽ ഖാദി നെയ്ത് പരിശീലനത്തിനുള്ള അപേക്ഷയിൽ സി.പി.എമ്മുകാരായ അൻപതോളം പേരെ തിരുകിക്കയറ്റി അർഹരായവരെ ഒഴിവാക്കിയത് സി.പി.എം ഭരണസമിതിയുടെ സ്വജന പക്ഷപാതമാണ് കാണിക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു.
പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ യു.ഡി.എഫ്.അംഗങ്ങളെ അറിയിക്കുന്നില്ല, ഭരണ-പ്രതിപക്ഷ വേർതിരിവില്ലെന്ന് പറയുമ്പോഴും പ്രസിഡന്റും ഭരണസമിതിയും സ്വന്തം പാർട്ടിക്കാർക്ക് മാത്രം ആനുകൂല്യങ്ങൾ അനുവദിക്കുന്നു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾ നടത്തുമ്പോൾ അതത് വാർഡ് മെമ്പർമാരെ അറിയിക്കുന്നുമില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
തെളിനീരൊഴുകും പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരിക്കും മുൻപ് ചടങ്ങിന്റെ നോട്ടീസ് അടിച്ചിറക്കി. പരിപാടി നടക്കുന്ന വാർഡിലെ യു.ഡി.എഫ്. അംഗത്തെ അറിയിക്കുകയും ചെയ്തില്ല. ഖാദി നെയ്ത്ത് പരിശീലനത്തിന് ഭരണസമിതി യോഗം ചേരുക പോലും ചെയ്യാതെ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടം വിട്ടുനല്കിയത് ആ വാർഡിനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് അംഗത്തെ പോലും അറിയിക്കാതെയാണ്.
പഞ്ചായത്തിന്റെ സർവതോന്മുഖ വികസനമാണ് യു.ഡി.എഫ്. ആഗ്രഹിക്കുന്നത്. പേരാവൂരിന്റെ വികസനം ഓരോ വർഷം കഴിയുമ്പോഴും താഴേക്കാണ് പോകുന്നത്. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾക്ക് യു.ഡി.എഫ്. അംഗങ്ങൾ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ ജോസ് ആന്റണി, നൂറുദ്ദീൻ മുള്ളേരിക്കൽ, റജീന സിറാജ് പൂക്കോത്ത്, രാജു ജോസഫ്, വി.എം. രഞ്ജുഷ എന്നിവർ സംസാരിച്ചു.