21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്
Kerala

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്

പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു. കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ, പ്രവാസി നിക്ഷേപകർ, ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, പോർട്ട് ഓഫീസർമാർ, പൊന്നാനി പ്രസ്സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവരെ ഒരുമിച്ചു ചേർത്തുകൊണ്ട് നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ചർച്ചക്ക് വേദി ഒരുക്കിയത്.
വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നു ലക്ഷദ്വീപിലേക്കും ഗോവ, മംഗലാപുരം തുടങ്ങിയവിടങ്ങളിലേക്കും ക്രൂയിസ് സർവീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളതീരത്ത് ആദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിൽ പൊന്നാനിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്താൻ യോഗം തീരുമാനമെടുത്തു.
മൺസൂണിന് ശേഷം സെപ്തംബറായിരിക്കും പരീക്ഷണ യാത്രയ്ക്ക് ഉചിതമായ സമയമെന്ന് ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. 150 മുതൽ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് സർവീസിന് പരിഗണിക്കുന്നത്. ക്രൂയിസ് കമ്പനി പ്രതിനിധികളുമായി പ്രത്യകം ചർച്ച ചെയ്ത ശേഷം യാത്രാ നിരക്കും കപ്പലുകളിൽ ഒരുക്കേണ്ട സംവിധാനങ്ങളുമടക്കമുള്ള വിശദാംശങ്ങൾ തീരുമാനിക്കും. ചർച്ചകൾക്കും പദ്ധതിയെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കണ്ണൂർ പോർട്ട് ഓഫീസർ ക്യാപ്ടൻ പ്രദീഷ് നായരെ ചുമതലപ്പെടുത്തി.
നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള തുടങ്ങിയവർ സംസാരിച്ചു.

Related posts

പശു മിഠായി തിന്നും; കൂടുതൽ പാൽ തരും

Aswathi Kottiyoor

ദേശീയ പണിമുടക്ക്‌ ഞായർ അർധരാത്രി മുതൽ

Aswathi Kottiyoor

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox