അശാസ്ത്രീയവും ഏകപക്ഷീയവുമായ രീതിയിൽ ഹയർ സെക്കണ്ടറി മൂല്യനിര്‍ണയത്തിനുള ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിൻവലിക്കും വരെ മൂല്യനിർണ്ണയ ക്യാമ്പുകളിൽ ‘ഒറ്റക്കെട്ട് ‘സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻ്ററി ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
പ്രാക്ടിക്കൽ ഉള്ള വിഷയങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ പരീക്ഷയും പരമാവധി 60 മാര്‍ക്കുമാണ്. പ്രാക്ടിക്കൽ ഇല്ലാത്ത ഭാഷാ- മാനവിക വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂര്‍ പരീക്ഷയും 80 മാര്‍ക്കുമാണ് ഉണ്ടാവുക.
കഴിഞ്ഞ വര്‍ഷം വരെ അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയിരുന്നത് ഒരു ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു. 30 മാര്‍ക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് 40 ഉത്തരക്കടലാസ് ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈര്‍ഘ്യത്തിലോ, ആകെ മാര്‍ക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം 34,50 എന്നിങ്ങനെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷം ചോദ്യങ്ങളുടെ എണ്ണത്തിൽ ഫോക്കസ് ഏരിയ , നോൺ ഫോക്കസ് ഏരിയ എന്ന രീതിയിൽ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 80 മാര്‍ക്കുളള വിഷയത്തിന് 35 ചോദ്യങ്ങളും 60 മാര്‍ക്കുളള വിഷയത്തിന് 36 ചോദ്യങ്ങളും 30 മാര്‍ക്കുളള വിഷയത്തിന് 24 ചോദ്യങ്ങളുമാണുളളത്. അദ്ധ്യാപകര്‍ ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ട സമയം ആറ് മണിക്കൂറാണ്. അതായത് ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് ഒരധ്യാപകന്‍ എടുക്കാവുന്ന കൂടിയ സമയം 10 മിനിറ്റ് ആണ്. ബയോളജിക്കാവട്ടെ അത് ഏഴു മിനിറ്റ് ആയി പരിമിതപ്പെട്ടിരിക്കുന്നു. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയെ ബാധിക്കും. മാത്രമല്ല ഓരോ വിദ്യാർത്ഥിയുടെയും മൂല്യനിർണ്ണയത്തിന് മതിയായ സമയം ലഭിക്കാത്തത് കുട്ടികളുടെ അവകാശ നിഷേധവുമാണ്. സമയക്കുറവ് അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കുന്നതിനും മാര്‍ക്ക് ദാനത്തിനും കാരണമാവും.
കഴിഞ്ഞ വര്‍ഷം രണ്ടോ മൂന്നോ മാര്‍ക്ക് വ്യത്യാസം വന്ന കേസിൽ വരെ അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി..
മൂല്യനിർണ്ണയത്തിൻ്റെ കാര്യക്ഷമത കാത്തുസൂക്ഷിച്ച് പേപ്പർ നോക്കിയാൽ ഒരു ദിവസം രണ്ട് കെട്ട് പേപ്പറിലെ 34 പേപ്പർ നോക്കിത്തീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് .അതിനാൽ അദ്ധ്യാപകർക്ക് ഒരു കെട്ട് പേപ്പർ നോക്കിത്തീർക്കാനേ കഴിയൂ. പേപ്പർ വർദ്ധനവ് പിൻവലിക്കും വരെ ഒറ്റക്കെട്ട് സമരവുമായി മുന്നോട്ടു പോകുമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ചെയർമാൻ എംഎം ബെന്നി. കൺവീനർ മുഹമ്മദ് കട്ടിൽ, ട്രഷറർ മാത്യു ജോസഫ്,വൈസ് ചെയർമാൻ സുമേഷ് പി എസ്, രതീഷ് വി വി,അജിത് കുമാർ,ദീപക് സി, ഇസ്മായിൽ കെ തുടങ്ങിയവർ സംസാരിച്ചു.