അപകടത്തിൽപ്പെട്ട കാറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ എട്ടു മാസം പ്രായമുള്ള കുഞ്ഞിനും അച്ഛനമ്മമാർക്കും രക്ഷകനായി സ്‌പീക്കർ എം ബി രാജേഷ്. കണിയാപുരം സ്വദേശി ഷെബിൻ, ഭാര്യ സഹറ, മകൻ ഇസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ മംഗലാപുരത്തിന് സമീപം ചൊവ്വ രാത്രി പത്തോടെയായിരുന്നു അപകടം.
മംഗലാപുരത്തുനിന്ന് പള്ളിപ്പുറത്തേക്ക് വരികയായിരുന്ന മാരുതി കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിൽനിന്ന് ഇസാനും സഹറയും പുറത്തേക്ക് തെറിച്ചുവീണു. സഹറയ്ക്ക് കഴുത്തിന് പരിക്കുണ്ട്. കാറോടിച്ച ഷെബിൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. തൃത്താലയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്പീക്കർ എം ബി രാജേഷ് കുഞ്ഞ് റോഡിൽ വീണുകിടക്കുന്നത് കണ്ടു. വാഹനം നിർത്തിയശേഷം അദ്ദേഹം പുറത്തിറങ്ങി ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. തൊട്ടടുത്ത് അപകടത്തിൽപ്പെട്ട കാറും ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർ സീറ്റിൽ ഷെബിനും പുറത്ത് സഹറയും അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടതോടെ മൂവരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ അദ്ദേഹം ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്ക് നിർദേശം നൽകി.
ഇവരെ ആദ്യം കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചു. മൂന്നുപേരും അപകടനില തരണം ചെയ്തു. സ്പീക്കർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് തങ്ങളുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് വളരെ നന്ദിയുണ്ടെന്നും ഷെബിൻ പറഞ്ഞു.