പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനത്തിനും സർക്കാരില്ലെന്നും വികസനത്തിന്റെ പേരിൽ ഒരാളും കേരളത്തിൽ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾക്കെതിരെ വർഗീയ ശക്തികൾ അവർക്ക് ആകുന്നതെല്ലാം ചെയ്യുന്നു. നേരത്തേ ദേശീയ പാത വികസനത്തിലും ഗെയിൽ പദ്ധതിയിലും ഇതു കണ്ടതാണ്. ഇപ്പോൾ കെ-റെയിൽ പദ്ധതിയെ തകർക്കാനും ഇതേ കൂട്ടർ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ-റെയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയാണ്. ജനങ്ങൾക്കാവശ്യമുള്ള ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. 13,265 കോടി രൂപയാണു സ്ഥലമേറ്റെടുക്കലിനും പുനരധിവാസത്തിനുമായി സർക്കാർ നീക്കിവച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഒരാൾക്കും നിരാശപ്പെടേണ്ടി വരില്ല. കെ-റെയിൽ സംസ്ഥാനത്തെ ടൂറിസത്തിനു വലിയ കുതിപ്പാണു സമ്മാനിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി, എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ, മന്ത്രിമാർ എന്നിവരും പങ്കെടുത്തു.