പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതി ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാർന്നതും ഭാവനാപൂർണവുമായ വികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രാപ്തമായിക്കഴിഞ്ഞു. കോവിഡാനന്തര നവകേരള സൃഷ്ടിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാർഗ്ഗരേഖ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക വൈജ്ഞാനിക മേഖലകളുടെ പിൻബലത്തോടെ ഉത്പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന മാർഗ്ഗരേഖയാണ് തയ്യാറായത്. പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകൾ ആർജ്ജിക്കാൻ സമൂഹത്തെ ഇത് സഹായിക്കും. 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏപ്രിൽ 27നകം ആരംഭിച്ച് ജൂൺ 25നകം പൂർത്തീകരിക്കും. വാർഷിക പദ്ധതിയിൽ ആദ്യമാസങ്ങളിൽ ചെയ്യേണ്ട കാർഷിക മേഖലയിലടക്കമുള്ള പദ്ധതികൾ നിലവിൽ തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. 2023-24 മുതൽ 2026-27വരെയുള്ള ആസൂത്രണ പ്രവർത്തനം നവംബർ ഒന്നിന് തുടങ്ങി മാർച്ച് 7നകം പൂർത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടിയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാർഗ്ഗരേഖയെന്നും മന്ത്രി കൂട്ടിച്ചേർത്തു.