24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു; പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് രേഖകളിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാകും
Kerala

കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു; പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് രേഖകളിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാകും

*ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 21ന് ഒപ്പുവയ്ക്കും
പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതർലൻഡ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 17, 18 നൂറ്റാണ്ടുകളിലെ ഡച്ച് ഭാഷയിൽ രേഖപ്പെടുത്തിയ കേരളത്തിന്റെ ചരിത്രമാണ് ഇതിലൂടെ വെളിപ്പെടുക. പദ്ധതിയുടെ ഭാഗമായി എറണാകുളം ആർകൈവ്‌സിലുള്ള രേഖകളും പരിശോധിക്കും. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാവും പദ്ധതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ചും നെതർലൻഡ് നാഷണൽ ആർക്കൈവ്‌സും ലെയ്ഡൻ സർവകലാശാലയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇന്ത്യയിലെ നെതർലൻഡ്‌സ് അംബാസഡർ മാർട്ടൻ വാൻ ഡെൻ ബെർഗിന്റേയും സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരാണാപത്രം 21ന് ഒപ്പുവയ്ക്കും.
പുരാതന ഡച്ച് ഭാഷയിലെ കൈയെഴുത്തു പ്രതികൾ ഇപ്പോൾ ചരിത്രകാരൻമാരും ഗവേഷകരും അധികം പഠനങ്ങൾക്ക് വിധേയമാക്കിയിട്ടില്ല. നെതർലൻഡിന്റെ സഹായം ലഭിക്കുന്നതോടെ ഇവ കൂടുതൽ പഠിക്കാനും പുതിയ ചരിത്ര വിവരം ലഭ്യമാക്കാനും സാധിക്കും. 2017 മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഡച്ച് സന്ദർശന വേളയിൽ നെതർലൻഡ്‌സ് നാഷണൽ ആർക്കൈവ്‌സിൽ സൂക്ഷിച്ചിട്ടുള്ള കേരളത്തിന്റെ ഡച്ച് ഭൂപടങ്ങളും മറ്റു രേഖകളും കണ്ടിരുന്നു. 2019 ഒക്‌ടോബറിൽ നെതർലൻഡ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദർശിക്കുകയുമുണ്ടായി. പുരാരേഖകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നത് സംബന്ധിച്ച് അന്ന് ധാരണയായിരുന്നു. തുടർന്നാണ് കോസ്‌മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ഇതോടൊപ്പം കേരളത്തിൽ രണ്ട് പെയിന്റ് അക്കാഡമി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവയ്ക്കും. അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം), കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ, ക്രെഡായ് കേരള, നെതർലൻഡ്‌സിലെ പ്രമുഖ പെയിന്റ് ആന്റ് കെമിക്കൽ കമ്പനിയുടെ ഇന്ത്യൻ സബ്‌സിഡിയറിയായ അക്‌സോ നോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ധാരാണാപത്രം ഒപ്പുവയ്ക്കുക. കൊല്ലം ഐ. ഐ. ഐ. സി കാമ്പസിലെ പെയിന്റ് അക്കാഡമിയിൽ കെട്ടിട പെയിന്റിംഗിലും മലപ്പുറം തവനൂരിലെ അസാപ് സ്‌കിൽ പാർക്കിലെ അക്കാഡമിയിൽ വാഹന പെയിന്റിംഗിലും പരിശീലനം നൽകും. 380 പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാൻ എന്നിവരെയും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താനാണ് ആലോചന.

Related posts

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി……….

Aswathi Kottiyoor

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

Aswathi Kottiyoor

മണ്ണെണ്ണ സുനാമി ; മത്സ്യത്തൊഴിലാളികളുടെ നെഞ്ച് കത്തുന്നു

Aswathi Kottiyoor
WordPress Image Lightbox