ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ട് ഉൾപ്പെട്ട പോക്സോ കേസിൽ പൊലീസ് അന്വേഷണം പൂർത്തിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മൂന്നാംപ്രതി സൈജു എം തങ്കച്ചൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം 12 ദിവസത്തിനകം നൽകുമെന്ന് അന്വേഷകസംഘം വ്യക്തമാക്കി.
പോക്‌സോ കേസിനുപുറമെ മനുഷ്യക്കടത്ത്, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും വയനാട് സ്വദേശിയായ അമ്മയുടെയും പരാതിയിലാണ് കേസ്. അഞ്ജലിയാണ് മുഖ്യ ആസൂത്രകയെന്ന് പൊലീസ് വ്യക്തമാക്കി. കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നൽകാതിരിക്കാനാണ് പെൺകുട്ടിയെ കെണിയിൽപ്പെടുത്തിയത്. അഞ്ജലിക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചി രുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച റോയി വയലാട്ടും സൈജു തങ്കച്ചനും പൊലീസിൽ കീഴടങ്ങുകയായിരുന്നു. 2021 ഒക്ടോബറിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പരാതിക്കാരെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.