22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല വികസനം : ‘കിഫ്ബിയിൽനിന്ന് 75 കോടി അനുവദിച്ചു’
Kerala

ശബരിമല വികസനം : ‘കിഫ്ബിയിൽനിന്ന് 75 കോടി അനുവദിച്ചു’

ശബരിമലയുമായി ബന്ധപ്പെട്ട വികസനപ്രവർത്തനത്തിന് കിഫ്ബിയിൽ നിന്ന് 75 കോടി രൂപ അനുവദിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളുടെയും വികസനത്തിന്‌ ഇത് വിനിയോഗിക്കും. എരുമേലിയിലും നിലയ്ക്കലിലും തീർഥാടക ഇടത്താവള സമുച്ചയം നിർമിക്കും. തീർഥാടകർക്ക് എല്ലാ സൗകര്യവും ഉൾക്കൊള്ളുന്ന വിധത്തിലാകും സമുച്ചയം നിർമിക്കുക. ഡോർമിറ്ററി, ഗസ്റ്റ് ഹൗസ്, അന്നദാനമണ്ഡപം എന്നിവയടക്കം വിശാലമായ സൗകര്യമാണ് ഏർപ്പെടുത്തുക.

നിലയ്ക്കലിലെ സമുച്ചയത്തിന് 39 കോടിയും എരുമേലിയിലെ സമുച്ചയത്തിന് 14.75 കോടി രൂപയുമാണ് അനുവദിച്ചത്. രണ്ടിന്റെയും കല്ലിടൽ 18ന് നടക്കും. രാവിലെ 10ന് എരുമേലിയിലും പകൽ 12ന് നിലയ്ക്കലിലും കല്ലിടും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. ഇതിനുപുറമെ സന്നിധാനത്തെ വിവിധ കെട്ടിട സമുച്ചയങ്ങൾ നവീകരിക്കും. ഇതിന് വിവിധ സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. ഏകദേശം 30 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് തുടക്കത്തിൽ നടത്തുന്നത്. നവീകരണത്തോടൊപ്പം അറ്റകുറ്റപ്പണികളും സ്പോൺസർമാർ നിർവഹിക്കും. നിർമാണത്തിന്റെ മേൽനോട്ട ചുമതല മാത്രമാണ് ബോർഡിന് ഉണ്ടാവുക.
തുടക്കത്തിൽ ശബരി, തേജസ്വനി, ചിന്മുദ്ര എന്നീ കെട്ടിടങ്ങൾ നവീകരിക്കും. ബാക്കിയുള്ളവ താമസിയാതെ പൂർത്തിയാക്കും.
സന്നിധാനത്ത് എല്ലാ കെട്ടിടങ്ങളുടെയും മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനും തിരുമാനിച്ചു. ഇതിനുള്ള നടപടി താമസിയാതെ ആരംഭിക്കും. ഓഫ് സീസണിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡിന് വിൽക്കും. 15 കോടി രൂപയാണ് ഇതിന് ചെലവ്.
കൊച്ചിയിലെ സിയാലിന്റെ സാങ്കേതിക ഉപദേശം ഉണ്ടാകും. അരവണ പ്ലാന്റും നവീകരിക്കും. ഇതിനുള്ള നടപടിയും താമസിയാതെ തുടങ്ങുമെന്ന് അനന്തഗോപൻ പറഞ്ഞു.

Related posts

വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.

Aswathi Kottiyoor

ഉപേക്ഷിച്ച പോളിയോൾസ് പ്ലാന്റിന്‌ ചെലവഴിച്ചത്‌ 425 കോടി ; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

Aswathi Kottiyoor
WordPress Image Lightbox