മട്ടന്നൂരിലെ റവന്യൂ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നു. ടവര്‍ പൂര്‍ത്തിയായാല്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലാകും. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് ജോലി പൂര്‍ത്തിയായി. പ്ലാസ്റ്ററിങ് ജോലികളും പെയിന്റിങ്ങുമാണ് നടക്കുന്നത്. ഏഴുനില കെട്ടിടത്തിന്റെ അഞ്ചുനിലകളാണ് ആദ്യഘട്ടമായി നിര്‍മിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് റവന്യൂ ടവര്‍ നിര്‍മാണം ആരംഭിച്ചത്. സംസ്ഥാന ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല.
ഹില്‍ട്രാക്ക് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടിയോളം രൂപ ചെലവഴിച്ചാണ് റവന്യു ടവര്‍ നിര്‍മിക്കുന്നത്. 2018 ജൂണിലാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കോടതിക്ക് സമീപം കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റന്‍ വൈകിയത് ആദ്യഘട്ടത്തില്‍ പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതിന് ഇടയാക്കി. കോവിഡ് ലോക്ഡൗണില്‍ പ്രവൃത്തി മന്ദഗതിയിലായെങ്കിലും പിന്നീട് ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. എല്ലാ മാസവും കെ. കെ. ശൈലജ എം. എല്‍. എയുടെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നുണ്ട്. നാലുനിലകളിലാണ് ഓഫിസ് സമുച്ചയം. താഴത്തെ നില വാഹനപാര്‍ക്കിങ്ങിനാണ് ഉപയോഗിക്കുക.