20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം
Kerala

മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ സംഭവത്തെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

നെടുങ്കണ്ടത്തെ 6 പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകള്‍ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെതന്നെ പ്രദേശത്ത് പരിശോധന നടത്തി.

ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണ് മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചത്.

തൂക്കുപാലത്ത് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ചില പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് അവര്‍ സ്ഥലത്തെ വെറ്റിറിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവില്‍ തന്നെ മത്തി മീന്‍ കഴിച്ച് പൂച്ച ചത്തതായി അയല്‍വാസികളില്‍ ഒരാള്‍ പരാതിപ്പെട്ടു.

ഭക്ഷ്യവിഷബാധയോ സീസണല്‍ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സര്‍ജന്‍ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസറും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.

Related posts

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ 18 മുതൽ പൂർണമായും തുറക്കും ; കോളേജുകളിൽനിന്ന്‌ വിനോദയാത്ര വേണ്ട.

Aswathi Kottiyoor

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Aswathi Kottiyoor

നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം

Aswathi Kottiyoor
WordPress Image Lightbox